തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലവർഷം ആൻഡമാൻ കടലിലെത്തിയതിന്റെ പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ആൻഡമാൻ കടലിൽ കാലവർഷം ഇത്തവണ എത്തിയത് പതിവിലും നേരത്തെയാണ്. കൃത്യമായി പറഞ്ഞാൽ ഒമ്പത് ദിവസം മുമ്പാണ് കാലവർഷം ആൻഡമാനിലെത്തിയത്. സാധാരണഗതിയിൽ മേയ് 22നാണ് കാലവർഷം ആൻഡമാനിൽ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. സാധാരണഗതിയിൽ ആൻഡമാനിൽ നിന്ന് പത്ത് ദിവസം കൊണ്ടാണ് കാലവർഷം കേരളത്തിലെത്തുക. എന്നാൽ എപ്പോഴും അങ്ങനെ തന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.
കേരളത്തിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |