പ്രപഞ്ചത്തിൽ സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുള്ള ഏകഗ്രഹമാണ് ഭൂമിയെന്നാണ് കരുതപ്പെടുന്നത്. കോടിക്കണത്തിന് വർഷങ്ങളായി ഭൂമിയിൽ ജീവൻ നിലനിൽക്കുന്നു. ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമി രൂപപ്പെട്ടതെന്നാണ് കരുതുന്നത്. പണ്ടുമുതൽ നിരവധി പരിണാമങ്ങൾക്കും മറ്റും വിധേയമായാണ് ഇന്നുകാണുന്ന നിലയിൽ ഭൂമി എത്തിയത്.
ഇതിൽ മനുഷ്യർ ഉണ്ടായ കാലം മുതൽ കേൾക്കുന്ന ഒന്നാണ് ലോകാവസാനം. ഇതിനെ സംബന്ധിച്ച് പല പ്രവചനങ്ങളും വന്നിട്ടുണ്ട്. ഇന്നും ഇതിൽ പല പരീക്ഷണങ്ങളും ശാസ്ത്രലോകം നടത്തിവരികയാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച പുതിയ കണ്ടെത്തലാണ് ചർച്ചയാകുന്നത്. ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയത്.
പുതിയ കണ്ടെത്തൽ
ഏകദേശം ഒരു ബില്യൺ വർഷത്തിനുള്ളിൽ (100കോടി) ഭൂമിയിൽ ഓക്സിജൻ ഇല്ലതാകുമെന്നും ഇത് ലോകാവസാനത്തിലേക്ക് നയിക്കുമെന്നുമാണ് കണ്ടെത്തൽ. കാലം കൂടുതോറും സൂര്യന്റെ ചൂടും പ്രകാശവും വർദ്ധിക്കും. ഇത് ഭൂമിയുടെ കാലാവസ്ഥയെ സാരമായി ബാധിക്കും. ഭൂമിയിലെ ജലം ബാഷ്പീകരിക്കപ്പെടുകയും ഉപരിതല താപനില ഉയരുകയും കാർബൻ ചക്രം ദുർബലമാകുകയും ചെയ്യും.
ഇത് സസ്യങ്ങളെ നശിപ്പിക്കുകയും ഓക്സിജൻ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. ഗ്രേറ്റ് ഓക്സിഡേഷന സംഭവത്തിന് മുൻപുള്ള ഭൂമിയെ അനുസ്മരിപ്പിക്കുന്ന ഉയർന്ന മീഥെയ്ൻ അവസ്ഥയിലേക്ക് വീണ്ടും ഭൂമി മടങ്ങും. 'The future lifespan of Earth's oxygenated atmosphere' എന്ന തലക്കെട്ടിൽ നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീക്കരിച്ച പഠനത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. ഇതിൽ ഭൂമിയുടെ ഓക്സിജന് ഏകദേശം ഒരു ബില്യൺ വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നും ഇത് അതിജീവനം അസാദ്ധ്യമാക്കുമെന്നും വ്യക്തമാക്കുന്നു.
നാസയുടെ പ്ലാനറ്ററി മോഡലിംഗ് ഉപയോഗിച്ച് ടോഹോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനിലൂടെയാണ് ഈ പ്രവചനം നടത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിന് സംഭവിക്കാൻ സാദ്ധ്യതയുള്ള പരിണാമത്തെക്കുറിച്ചാണ് പഠനം നടത്തിയത്. ഇതിനായി 400,000 സിമുലേഷനുകൾ നടത്തി.
ഭൂമിയുടെ ആയുസ്
സൂര്യന്റെ പ്രകാശത്തെയും ആഗോള കാർബണേറ്റ് - സിലിക്കേറ്റ് ജിയോ കെമിക്കൽ ചക്രത്തെയും അടിസ്ഥാനമാക്കി ഭൂമിയിലെ ജെെവമണ്ഡലത്തിന്റെ ആയുസിനെ കുറിച്ച് വർഷങ്ങളായി ചർച്ച നടത്തുകയാണെന്ന് ടോഹോ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ കസുകി ഒസാക്കി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. അമിതമായ ചൂടും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡയോക്‌സെെഡിന്റെ ദൗർലഭ്യവും കാരണം ഭൂമിയിലെ ജെെവമണ്ഡലം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് ശരിയാണെങ്കിൽ അന്തരീക്ഷത്തിലെ ഓക്സിജൻ അളവും വിദൂര ഭാവിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം.
എന്നാൽ അത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തയില്ല. അത്തരം ഒരു അന്തരീക്ഷത്തിൽ ജീവൻ നിലനിൽക്കാമെങ്കിലും നമുക്കറിയാവുന്നതിൽ നിന്ന് അത് വ്യത്യസ്തമായിരിക്കും. അമിതമായ ചൂടും കാർബൺ ഡയോക്‌സെെഡിന്റെ ദൗർലഭ്യവും കാരണം ജെെവമണ്ഡലം രണ്ട് ബില്യൺ വർഷത്തിനുള്ളിൽ അവസാനിക്കുമെന്ന മുൻ കണക്കുകൾ പുതിയ പഠനം മാറ്റുകയാണ്. രണ്ട് ബില്യൺ എന്ന കണക്ക് പുതിയ പഠനം ചുരുക്കുന്നുവെന്നും ഒരു ബില്യൺ വർഷത്തിനുള്ളിൽ ഓക്സിജൻ ഇല്ലാതാകുമെന്നും കസുകി ഒസാക്കി പറഞ്ഞു. ഈ പഠനം ശരിയാകുകയാണെങ്കിൽ ഇനി വെറും 100 കോടി വർഷം കൂടി മാത്രമേ ഭൂമിയിൽ ഓക്സിജൻ നിലനിൽക്കുകയും ജീവന്റെ തുടിപ്പ് ഉണ്ടാകുകയും ചെയ്യും. ഇതിന് ഉടനെ ചില മുൻ കരുതലുകൾ എടുക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |