ഭുവനേശ്വർ: പാകിസ്ഥാനിൽ നിന്നും ഡ്രോൺ ആക്രമണം നിത്യസംഭവമായിരിക്കെ മികച്ച പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡ്രോൺ പ്രതിരോധ സംവിധാനമാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ഗോപാൽപുരിയിൽ സീവാർഡ് ഫയറിംഗ് റെയ്‌ഞ്ചിൽ വച്ചാണ് ഇന്ന് വിജയകരമായി പരീക്ഷണം നടത്തിയത്. 'ഭാർഗവാസ്‌ത്ര' എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ പ്രതിരോധ സംവിധാനം വികസിപ്പിച്ചത് സോളർ ഡിഫൻസ് ആൻഡ് എയറോസ്‌പേസ് ലിമിറ്റഡ് (എസ്‌ഡിഎഎൽ) ആണ്.
ചെറിയ ഡ്രോണുകളെ രണ്ടര കിലോമീറ്റർ പരിധിയിൽവരെ തിരിച്ചറിയാനും അവയെ തകർക്കാനും ഭാർഗവാസ്‌ത്രയ്‌ക്ക് കഴിയും. ഇതിനായുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലേറെ തവണ പരീക്ഷിച്ചു. റോക്കറ്റിൽ ആറ് കിലോമീറ്റർ അകലെവരെയുള്ള ശത്രുസാന്നിദ്ധ്യവും കണ്ടെത്തും. ഇന്ത്യയിലെ വിവിധ ഭൗമപ്രതലങ്ങളിൽ ഇത് പ്രയോഗിക്കാൻ സാധിക്കും. മരുഭൂമിയിൽ മുതൽ 5000 മീറ്റർ ഉയരത്തിലുള്ള പർവ്വതങ്ങളിൽ വരെ പ്രയോഗിക്കാൻ കഴിയും. സാഹചര്യമനുസരിച്ച് പ്രയോഗിക്കേണ്ടതെങ്ങനെ എന്ന് മനസിലാക്കാനുള്ള സംവിധാനം ഇതിലുണ്ട്. ആളില്ലാ ചാരവാഹനങ്ങളെ 10 കിലോമീറ്റർ അകലെനിന്നുവരെ തിരിച്ചറിയുന്ന റഡാർ ഭാർഗവാസ്‌ത്രയിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം മികവ് പുലർത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഭാർഗവാസ്‌ത്രയും ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |