ഇക്കഴിഞ്ഞ ദിവസം (മേയ് 5) ബ്രിട്ടീഷ് പാർലമെന്റിലെ നടപടിക്രമങ്ങൾ സന്ദർശക ഗ്യാലറിയിലിരുന്ന് നേരിൽ കാണാൻ കഴിഞ്ഞത് അവിസ്മരണീയ അനുഭവമായി എന്നും മനസിലുണ്ടാകും. ലണ്ടനിൽ നടന്ന 'ശ്രീനാരായണഗുരു ഹാർമണി ഗ്ലോബൽ കോൺഫറൻസ് 2025"-ന്റെ സംഘാടകരാണ് ഈ അസുലഭാവസരം ഒരുക്കിത്തന്നത്. ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരായ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, മുംബയ് കേന്ദ്രമാക്കിയുള്ള സീഗാൾ അസോസിയേറ്റ്സ് എം.ഡി. ഡോ. സുരേഷ്‌കുമാർ, കോൺഫറൻസ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബൈജു പാലക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയും ഇപ്പോൾ ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫുമായി കോൺഫറൻസ് സംഘാടകർക്കുള്ള ഉറ്റ സൗഹൃദമാണ് പാർലമെന്റ് ചർച്ചകൾ നേരിൽ കാണുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.
ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടപ്പിൽ വരുത്തുന്നതു സംബന്ധിച്ചുള്ള ചർച്ചയായിരുന്നു ഞങ്ങൾ എത്തിയപ്പോൾ പാർലമെന്റിൽ. തികച്ചും യാദൃച്ഛികമായി, ശ്രീനാരായണ ഗുരുദേവന്റ ഇഷ്ട വിഷയമായിരുന്ന വാണിജ്യത്തെക്കുറിച്ചുള്ള ചർച്ചയാണ് അവിടെ നടക്കുന്നതെന്ന് മനസിലായതോടെ ഞങ്ങളുടെ സന്തോഷം നൂറിരട്ടി വർദ്ധിച്ചു. വർഷംതോറും നടക്കുന്ന ശിവഗിരി തീർത്ഥാടന സമ്മേളനത്തിലെ പ്രഭാഷണങ്ങൾക്കായി ഗുരുദേവൻ നിർദ്ദേശിച്ച എട്ടു വിഷയങ്ങളിൽ വാണിജ്യം ഉൾപ്പെടുന്നു എന്നതുകൂടി സൂചിപ്പിച്ചാലേ ഞങ്ങൾക്കുണ്ടായ അധിക സന്തോഷത്തിന്റെ കാരണം വ്യക്തമാകൂ.
2025-ലും തുടർന്നും നടക്കുന്ന തീർത്ഥാടന സമ്മേളനങ്ങളിൽ തീർച്ചയായും ഉയർന്നു കേൾക്കാൻ പോകുന്ന വിവരങ്ങളാണ് ഞങ്ങൾക്ക് ബ്രിട്ടീഷ് പാർലമെന്റിൽ നേരിൽ വീക്ഷിക്കാനായത്. ഒപ്പം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരും വർഷങ്ങളിൽ ഉണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കാനായതിൽ അഭിമാനവും തോന്നി. എനിക്ക് അപ്പോൾ ഓർമ്മ വന്നത്, ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന എം.പി. മൂത്തേടത്തിന്റെ ഒരു പ്രയോഗമായിരുന്നു. 'എല്ലാം ഗുരുനിശ്ചയം" എന്ന ആ മഹാനുഭാവന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയായി എന്ന് ബോദ്ധ്യമായ സന്ദർഭം കൂടിയായിരുന്നു അത്.
ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 2022-ൽ ഈ വ്യാപാര കരാറിന്റെ ആദ്യ ചർച്ചകൾ ആരംഭിച്ചത്. തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളാണ് ഇപ്പോൾ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement- FTA) യാഥാർത്ഥ്യമാകുന്നതിന് വഴിയൊരുക്കിയത്. പതിനഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി തയ്യാറാക്കിയ കരാറിലെ വ്യവസ്ഥകൾ ഇരുരാജ്യങ്ങളും അന്തിമമാക്കിയതായി, ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച നടന്ന അതേ ദിവസം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിക്കുകയുമുണ്ടായി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. കരാർ ഒപ്പുവയ്ക്കുന്നതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വൈകാതെ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ളത്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നാണ് വാണിജ്യ മന്ത്രി പാർലമെന്റിൽ പറഞ്ഞത്. പകരം,ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങളുടെയും തീരുവ ഇന്ത്യയും കുറയ്ക്കും. പത്തു വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഇനങ്ങളും തീരുവരഹിതമാകും (ഡ്യൂട്ടി ഫ്രീ). ചുരുക്കത്തിൽ, ഇരുരാജ്യങ്ങളുടെയും ഉത്പന്നങ്ങൾ അന്യോന്യം കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കഴിയുന്ന സ്ഥിതിവിശേഷം സംജാതമാകും.
ഈ വ്യാപാര കരാറനുസരിച്ച് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യയിലെ വാഹന വിപണിയിൽ നിക്ഷേപം നടത്തുന്നതിന് കൂടുതൽ അവസരം ലഭിക്കും. ഇതു കൂടാതെ ബ്രിട്ടീഷ് നിർമ്മിത വിസ്‌കി, അത്യാധുനിക ഉപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവയ്ക്കും നികുതി ഇളവുകളുണ്ടാകും. കൂടുതൽ ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യയിലെ ടെലികോം, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ നിക്ഷേപം നടത്താൻ അവസരവുമൊരുങ്ങും. മറുവശത്ത്, ഇന്ത്യൻ ഉത്പന്നങ്ങൾക്കും, വ്യാപാര മേഖലയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടും. ഐ.ടി, ആരോഗ്യ മേഖല, ടെക്സ്‌റ്റൈൽസ്, പാദരക്ഷകൾ, കാർപ്പറ്റ്, സമുദ്രവിഭവങ്ങൾ, മാമ്പഴം, മുന്തിരി തുടങ്ങിയ ഇനങ്ങൾക്ക് വ്യാപാര കരാർ ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ ഉത്പന്നങ്ങൾക്ക് യു.കെയിൽ നികുതിയിളവുകൾ ലഭിക്കുമെന്നത് നിസാര കാര്യമല്ല. ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട്, തിരുവനന്തപുരത്തെ (വിഴിഞ്ഞം) പുതിയ തുറമുഖത്തിന്റെ പ്രസക്തിയെക്കുറിച്ച് അവിടത്തെ വാണിജ്യ മന്ത്രി പരാമർശിച്ചതു കേട്ടപ്പോൾ അതീവ ഹൃദ്യമായ അനുഭവമാണുണ്ടായത്. ചരക്ക് കൈമാറ്റം സുഗമമാക്കുന്നതിന് ഇത് ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |