ഞാൻ ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ഇ.ബി. അവിടെ പ്രവർത്തിച്ച പതിനൊന്ന് മാസക്കാലത്തിനിടയിൽ ഇപ്പോഴത്തെയും വരുംകാലത്തെയും വൈദ്യുതി പ്രതിസന്ധിയെ നേരിടാനുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായി. 17 വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ 40 മെഗാവാട്ട് തൊട്ടിയാർ, 60 മെഗാവാട്ട് പള്ളിവാസൽ എക്സ്റ്റൻഷൻ തുടങ്ങിയവ പൂർത്തിയാക്കാനായി. തൊട്ടിയാർ പദ്ധതി ലാഘവത്തോടെ ഉഴപ്പി നടത്തിക്കൊണ്ടിരുന്ന കോൺട്രാക്ടറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികളെടുത്തും, പള്ളിവാസൽ എക്സ്റ്റൻഷന്റെ കോൺട്രാക്ടർ പ്രവൃത്തികളൊന്നും ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ പ്രതിദിനം 20 ലക്ഷംരൂപ പിഴ ചുമത്തുമെന്ന് നോട്ടീസ് നല്കിയുമൊക്കെയാണ് പദ്ധതികൾ സമയത്ത് പൂർത്തിയാക്കിച്ചത്. ഈ രണ്ടു പദ്ധതികളിലുമായി 100 മെഗാവാട്ട് കമ്മീഷൻ ചെയ്തു.
വൈദ്യുതിക്ഷാമം പരിഹരിക്കാനായി വളരെയധികം ജലവൈദ്യുതി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം നോക്കുമ്പോൾ അവയൊക്ക അപര്യാപ്തമാണ്. മുടങ്ങിക്കിടന്ന പ്രധാന ഹൈഡൽ പ്രൊജക്ടുകളായ ചിന്നാർ (24 മെഗാവാട്ട്), മാങ്കുളം (40) അപ്പർചെങ്കുളം (24) ചെങ്കുളം ഓഗ്മെന്റേഷൻ സ്‌കീം (85 മില്ല്യൺ യൂണിറ്റ്), പൊരിങ്ങൽകുത്ത് രണ്ടാംഘട്ടം (24 മെഗാവാട്ട്) തുടങ്ങിയവ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. ഇനിയും ബൃഹത്പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ കേരളം സ്വയംപര്യാപ്തതി നേടൂ.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയും ജലവൈദ്യുതി പദ്ധതികളും പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കുമെന്ന് മനസിലാക്കിയപ്പോഴാണ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിയെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. 1500 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിക്കുള്ള മൂന്ന് ടെൻഡറുകൾ വിവിധ ഘട്ടങ്ങളിലാണ്. അതിൽ 500 മെഗാവാട്ട് പദ്ധതിക്ക് വർക്ക് ഓർഡർ നൽകി. സോളാർ എനർജി കോർപ്പറേഷനുമായി ചേർന്ന് കാസർഗോഡ് മൈലാട്ടിയിൽ സ്ഥാപിക്കുന്ന ഈ പദ്ധതി 2026 മാർച്ചിനു മുൻപ് പ്രവർത്തനം ആരംഭിക്കാനാകും. എൻ.എച്ച്.പി.സിയുടെ സഹായത്തോടെ മറ്റൊരു 500 മെഗാവാട്ട്, നാല് സബ്‌സ്റ്റേഷനുകളിലായി ഡിസ്ട്രിബ്യൂട്ടഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റമായി ആരംഭിക്കുന്നു.
ഇതുകൂടാതെ, കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതി മുഖാന്തിരം ഇൻസെന്റീവായി ലഭിച്ചിട്ടുള്ള 172 കോടി രൂപ ഉപയോഗിച്ച് മറ്റൊരു 500 മെഗാവാട്ട് അനുയോജ്യമായ സ്ഥലങ്ങളിൽ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇങ്ങനെ 1500 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ആരംഭിക്കുമ്പോൾ മണിക്കൂറിൽ ഏതാണ്ട് 375 മെഗാവാട്ട് എന്ന നിലയിൽ 365 ദിവസവും പീക്ക് സമയത്ത് വൈദ്യുതി ലഭ്യമാക്കാനാകും. കായംകുളം എൻ.ടി.പി.സി.യിൽ 2000 മെഗാവാട്ട് ബി.ഇ.എസ്.എസ് അവരുടെ ചെലവിൽ സ്ഥാപിക്കാമെന്ന് എൻ.ടി.പി.സിയുടെ സി.എം.ഡി സമ്മതിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ 2027 മാർച്ചിലെ വേനലിനു മുൻപ് 3500 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാക്കുന്നതിന് ഒരുക്കങ്ങളായിട്ടുണ്ട്.
ഇത്രയും ബാറ്ററി സ്റ്റോറേജ് വരുമ്പോൾ ഏതാണ്ട് ഒമ്പതു മാസക്കാലം പുറത്തുനിന്ന്, പ്രത്യേകിച്ച് എക്സ്‌ചേഞ്ച് മുഖേന വൈദ്യുതി വാങ്ങേണ്ടിവരില്ല. നമ്മുടെ പ്രസരണ ശൃംഖലയുടെ ശേഷി 4250 മെഗാവാട്ട് വൈദ്യുതിയാണ്. ഇടമൺ 400 കെ.വി സബ്‌സ്റ്റേഷനുള്ള അനുമതി നേടിയെടുത്തതോടെ അത് 4750 മെഗാവാട്ട് ആയി വർദ്ധിച്ചു. ഇതിനു പുറമെ, 250 മെഗാവാട്ടോളം വിൻഡ് എനർജി സംരംഭകരുടെ സ്വന്തം സ്ഥലത്ത് സ്ഥാപിക്കാനുള്ള ടെൻഡർ ഡോക്യുമെന്റ് തയ്യാറാക്കി റഗുലേറ്ററി കമ്മിഷന് കൊടുത്തിട്ടുണ്ട്. അതിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വൈദ്യുതി വാങ്ങൽ ചെലവ് ഇനിയും കുറയും.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടാക്കാനായതും നേട്ടമായി. ആദ്യത്തെ 500 മെഗാവാട്ട് ബാറ്ററി സ്റ്റോറേജിനു വേണ്ടി 135 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇന്ത്യയിൽ ആദ്യമായി നാലു മണിക്കൂർ സിംഗിൾ സൈക്കിൾ ബാക് അപ്പ് ബി.ഇ.എസ്.എസിനു വേണ്ടി ഒരു സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നത് കേരളത്തിനാണ്. അതിന് പ്രത്യേകം നന്ദി പറയേണ്ടത് കേന്ദ്ര ഊർജ്ജ സെക്രട്ടറി പങ്കജ് അഗർവാളിനോടും കോയിൽ സെക്രട്ടറി ആയിട്ടിരുന്ന, കേരളത്തിലെ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ബാച്ച് മേറ്റായ എ. നാഗരാജുവിനോടുമാണ്. അദ്ദേഹമാണ് 500 മെഗാവാട്ട് കോയിൽ ലിങ്കേജ് നൽകിയത്. ഇതുപ്രകാരം നമുക്ക് അനുവദിച്ചിട്ടുള്ള ടെൻഡർ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാലുടൻ ഇക്കൊല്ലം ആഗസ്റ്റ് മുതൽ, അടുത്ത 15 മുതൽ 25 വർഷത്തേക്ക് 365 ദിവസവും 24 മണിക്കൂറും 1000 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാനാകും.
ഇതുകൂടാതെ, കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ എൻ.ടി.പി.സി.യുടെ ബി.എ.എച്ച്.ആർ പ്ലാന്റിൽനിന്ന് 177മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്രം പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പഞ്ചാബ്,ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റത്തിന്റെ സ്വാപ് കരാർ നടപടികളും ചെയ്തതുകൊണ്ടാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പവർ കട്ട് ഒഴിവാക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ചെലവഴിച്ചത് 12,983 കോടി രൂപയും, അതിനു മുൻ വർഷം 11,241 കോടിയുമാണ്. പുതിയ നടപടികളിലൂടെ വൈദ്യുതി വാങ്ങൽ ചെലവ് 10,000 കോടിയിൽ താഴെയായി പിടിച്ചുനിറുത്താനാകും. അതോടെ ഈ വർഷംതന്നെ കെ.എസ്.ഇ.ബി നഷ്ടത്തിൽ നിന്ന് കരകയറുമെന്നു മാത്രമല്ല, രണ്ടു വർഷത്തിനുള്ളിൽ 3000 കോടിയിലേറെ ലാഭമുള്ള സ്ഥാപനമായി മാറുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |