ഒരുകാലത്ത് സിനിമയിൽ സജീവമായ നടനാണ് ടോണി ആന്റണി. സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പണ്ട് ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ വണ്ടിച്ചെക്ക് തന്ന് തന്നെ നിർമാതാവ് പറ്റിച്ചിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടോണി ആന്റണി.
'അക്കാലത്ത് ഇപ്പോഴത്തെപ്പോലെ സംഘടനകളൊന്നുമില്ലല്ലോ. നിർമാതാവിനെ വിശ്വസിച്ച് നമ്മൾ അഭിനയിക്കും. അഭിനയിച്ചുകഴിഞ്ഞാൽ വിളിച്ചാൽ എടുക്കില്ല. പിന്നെ മാറാത്ത ചെക്കും തരും. ഒരു പ്രമുഖനായ നടന്റെ ചെക്ക് ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം പ്രൊഡ്യൂസറായിരുന്നു. പേര് ഞാൻ പറയില്ല. ആ ചെക്ക് ഓർമയ്ക്ക് വേണ്ടി സൂക്ഷിക്കുകയാണ്.ആ നടൻ സിനിമയിൽ സജീവമാണ്. ന്യൂജനറേഷനിൽ സജീവമായ നടനാണ്.
ഇപ്പോൾ പിന്നെ പൈസ ചോദിച്ചിട്ട് കാര്യമില്ലല്ലോ. ജോസ് തോമസിന്റെ പടമായിരുന്നു. പടം ആവറേജ് ഹിറ്റായി. എനിക്ക് മാത്രമല്ല കുറച്ചുപേർക്ക് തരാനുണ്ടായിരുന്നു. അന്ന് ചെക്കായിരുന്നു. അങ്ങനെ കുറച്ച് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു രൂപ പോലും പറ്റിക്കാനാകില്ല, സംഘടന ഇടപെടും.'- അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയിലെ കുറേപ്പേരെ നല്ല പരിചയമുണ്ടെന്നും എന്നാൽ അവരോട് റെക്കമെൻഡ് ചെയ്യാൻ പറയില്ലെന്നും ടോണി ആന്റണി വ്യക്തമാക്കി. സംവിധായകനും എഴുത്തുകാരനുമൊക്കെയാണല്ലോ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള തൊണ്ണൂറ് ശതമാനം ആളുകളും ഡയലോഗ് മനഃപാഠമാക്കിയാണ് ചെയ്യുന്നതെന്നും ടോണി ആന്റണി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |