കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നടന്ന ഓപ്പറേഷൻ കുബേരയിൽ മൂന്നുപേർ അറസ്റ്റിലായി. നിരവധി രേഖകൾ പിടിച്ചെടുത്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം എന്നീ സ്റ്റേഷൻ പരിധികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആകെ 120 ബ്ലാങ്ക് ചെക്കുകളും 20 അസൽ ആധാരങ്ങളും റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിലയിലുള്ള 31 ബ്ലാങ്ക് പേപ്പറുകളും എട്ട് പ്രോമിസറി നോട്ടുകളും ഒരു ബ്ലാങ്ക് മുദ്രപത്രവും 5,64,700 രൂപയും കണ്ടെടുത്തു.
പൊലീസ് പറയുന്നത്: മനയിൽ കുളങ്ങര, എം.കെ.ആർ.എ 74 ഷിബുവിന്റെ ഏകവർണ്ണിക വീട്ടിൽ നടന്ന റെയ്ഡിൽ അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 37 ബ്ലാങ്ക് ചെക്കുകളും 20 രജിസ്റ്റർ ചെയ്ത ആധാരങ്ങളും 7 പ്രോമിസറി നോട്ടുകളും 6 ബ്ലാങ്ക് മുദ്രപത്രങ്ങളും ഉൾപ്പടെ 61 രേഖകൾ കണ്ടെടുത്തു. ഷിബു ഓടി രക്ഷപ്പെട്ടു.
ശക്തികുളങ്ങര കണിച്ചേരി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിനേഷ് (35), ശക്തികുളങ്ങര ഗ്രീൻ ഗാർഡനിൽ ദർശന (33) എന്നിവർക്കെതിരെ കേസെടുത്തു. ഇരുവരും ഒരുമിച്ചാണ് ബിസിനസ് നടത്തിയിരുന്നത്. ദർശനയുടെ വീട്ടിൽ നിന്ന് 28 ബ്ലാങ്ക് ചെക്കുകളും റവന്യു സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിലയിലുള്ള 11 ബ്ലാങ്ക് പേപ്പറുകളും ബിനേഷിന്റെ വീട്ടിൽ നിന്ന് 55 ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടും റവന്യു സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിലയിലുള്ള 20 ബ്ലാങ്ക് പേപ്പറുകളും കണ്ടെടുത്തു.
വടക്കേവിള അയത്തിൽ നളന്ദ നഗർ 67 എ യിൽ രാജേഷ് (47) അറസ്റ്റിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5,64,700 രൂപയും പണം നൽകുന്നതുമായി ബന്ധപ്പെട്ട ലെഡ്ജറുകളും മറ്റ് രജിസ്റ്ററുകളും പിടിച്ചെടുത്തു. കമ്മിഷണർ കിരൺ നാരായണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ.ഫയാസ്, ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ.രതീഷ്, ഇരവിപുരം ഇൻസ്പെക്ടർ ആർ.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പിടച്ചെടുത്ത രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണം നടത്തുമെന്നും കൊല്ലം എ.സി.പി എസ്.ഷെരീഫ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾക്ക് പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. കൊല്ലം വെസ്റ്റ് എസ്.ഐ സരിത, ശക്തികുളങ്ങര എസ്.ഐ സുരേഷ് കുമാർ, ഇരവിപുരം എസ്.ഐ ജ്യോതിഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |