ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാകിസ്ഥാൻ പരിഹരിക്കുന്നതുവരെ സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വെടിനിറുത്തൽ നിലവിൽ വന്നതിനാൽ കരാർ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം പരാമർശിച്ചാണ് നിലപാട് വ്യക്തമാക്കിയത്.
സംഘർഷ സമയത്ത് കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ല. കരാറിൽ കാലാനുസൃത മാറ്റങ്ങൾ അനിവാര്യമായിരുന്നു. ഇന്ത്യൻ താത്പര്യങ്ങൾ പ്രകാരമല്ല കരാർ. പാകിസ്ഥാനിലെ ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതുവരെ തീരുമാനം പുനഃപരിശോധിക്കില്ല. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കലും അധിനിവേശ കാശ്മീർ ഒഴിപ്പിക്കുന്നതും മാത്രമായിരിക്കും പാകിസ്ഥാനുമായുള്ള ഇനിയുള്ള ചർച്ചകൾ. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ നൽകിയ പട്ടിക പ്രകാരം ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കണം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്യൂ. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമായിരിക്കും. ഈ നിലപാടിൽ ഒരു മാറ്റവുമില്ല. യു.എസുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ജയശങ്കർ പറഞ്ഞു. ചർച്ചകൾ സങ്കീർണ്ണമാണ്. ഇരു രാജ്യങ്ങളുടെയും താത്പര്യം പ്രധാനമാണ്.
സ്ഥിരീകരിച്ച് വിദേശമാദ്ധ്യമങ്ങളും
പാക് വ്യോമതാവളങ്ങൾ
ഇന്ത്യ തകർത്തു
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് ഇന്ത്യ കനത്ത പ്രഹരം നൽകിയെന്ന് സ്ഥിരീകരിച്ച് വിദേശമാദ്ധ്യമങ്ങളും.
പാക് വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തെന്ന് അമേരിക്കൻ പത്രം ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1971ന് ശേഷം പാകിസ്ഥാന് നൽകിയ വലിയ പ്രഹരമാണ് 'ഓപ്പറേഷൻ സിന്ദൂറെ"ന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള വിശകലന റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനിൽ ചെന്ന് അക്രമിച്ചതാണ് ഈ ഓപ്പറേഷന്റെ പ്രത്യേകതയായി അവർ ചൂണ്ടിക്കാട്ടുന്നത്. ആക്രമണത്തിൽ വിവിധ വ്യോമതാവളങ്ങളിലെ മൂന്ന് ഹാംഗറുകൾ, രണ്ട് റൺവേകൾ, വിവിധ കെട്ടിടങ്ങൾ എന്നിവയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. 24 ലധികം ഉപഗ്രഹ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് വിശകലനം ചെയ്തിട്ടുള്ളത്.
പാകിസ്ഥാനിൽ 100 മൈൽ വരെ ഉള്ളിൽ ചെന്ന് ഇന്ത്യ ആക്രമിച്ചെന്ന് ലണ്ടനിലെ കിംഗ്സ് കോളേജ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം സീനിയർ ലക്ചററും ദക്ഷിണേഷ്യൻ സുരക്ഷാ വിദഗ്ദ്ധനുമായ വാൾട്ടർ ലാഡ്വിഗിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. 1971 ലെ യുദ്ധത്തിനുശേഷം പാകിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങളെങ്കിലും ഓപ്പറേഷനിൽ തകർന്നതായും വാർത്തയിലുണ്ട്.
പാകിസ്ഥാന്റെ ആക്രമണ, പ്രതിരോധ വ്യോമ ശേഷികളെ പൂർണമായി നിർവീര്യമാക്കാൻ ലക്ഷ്യമിട്ട അളന്നുകുറിച്ച ആക്രമണമെന്നാണ് സംഘർഷം
വിലയിരുത്തിയ വില്യം ഗുഡ്ഹിന്ദിന്റെ അഭിപ്രായം. 11 പാക് സൈനിക വ്യോമതാവളങ്ങളിൽ ചെറിയ തോതിലെങ്കിലും നാശം വിതയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് മറ്റൊരു വിദഗ്ദ്ധൻ ജെഫ്രി ലൂയിസ് സ്ഥിരീകരിച്ചു. ഇന്ത്യൻ മിസൈലുകളെ പ്രതിരോധിച്ചെന്ന പാക് വാദം അൽബാനിയിലെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഇന്ത്യ-പാക് ശത്രുതയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവുമായ ക്രിസ്റ്റഫർ ക്ലാരി തള്ളി.
170 ആണവ പോർമുനകൾ സൂക്ഷിക്കുന്ന റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ രണ്ട് കൺട്രോൾ സ്റ്റേഷനുകൾ നശിപ്പിച്ചു. ബൊളാരി, ഷഹബാസ് വ്യോമതാവളങ്ങളിൽ മിസൈൽ വീണ് വിമാന ഹാംഗറുകൾക്ക് സാരമായ കേടുപാടുകളുണ്ടായി. ബൊളാരി ഹാംഗർ മേൽക്കൂരയിൽ ഏകദേശം 60 അടി വീതിയുള്ള ഒരു വലിയ ദ്വാരം രൂപപ്പെട്ടു. നടപ്പാതയിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനമായ സാബ് 2000 വിന്ന്യസിച്ചത് ഇവിടെയാണ്. സൈന്യം മാത്രം ഉപയോഗിക്കുന്ന ഷഹബാസ് വ്യോമതാവളത്തിലെ ഒരു ഹാംഗറിൽ 100 അടി വീതിയിൽ ദ്വാരം രൂപപ്പെട്ടു. സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സുക്കൂർ വിമാനത്താവളത്തിലെ ഒരു റഡാർ സൈറ്റ് നശിപ്പിക്കപ്പെട്ടു. മുഷഫ് വ്യോമതാവളത്തിലും ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും റൺവേകളിൽ വലിയ ഗർത്തങ്ങളുണ്ടായി. അടുത്ത ദിവസങ്ങളിൽ ഈ ഗർത്തങ്ങൾ നന്നാക്കുന്നത് പ്ലാനറ്റ്, മാക്സർ എന്നീ ഉപഗ്രഹങ്ങൾ പിടിച്ചെടുത്തു. ബൊളാരിയിലും മുഷഫിലുമായി ആറ് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഷെയ്ഖ് സായിദ് വിമാനത്താവളത്തിലെ റോയൽ ലോഞ്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്നും അവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്നും വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |