ന്യൂഡൽഹി: പാകിസ്ഥാനുള്ള തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ആദ്യമായി ജമ്മു കാശ്മീർ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്നലെ
ശ്രീനഗറിലെത്തിയ അദ്ദേഹം സൈനികരെ കാണുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം
ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം ഭീകരർ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ഭീകരവിരുദ്ധ നീക്കമാണ്.
ഭീകരത ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം പിഴച്ചില്ലെന്നും സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കാശ്‌മീരിലെത്തിയ അദ്ദേഹം കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.
ചിനാർ കോർപ്സിൽ സൈനികരോട് സംസാരിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായിരുന്ന അതിർത്തി ഗ്രാമങ്ങളിലും എത്തി. കര, വ്യോമസേന മേധാവിമാരും അതിർത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലെത്തി സൈനികരെ കണ്ടു.
ഞങ്ങൾ അവരുടെ
നെഞ്ചിൽ മുറിവുണ്ടാക്കി
'ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിങ്ങൾക്കൊപ്പമായിരിക്കുന്നതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും മാർഗ നിർദ്ദേശത്തിലും ഓപ്പറേഷൻ സിന്ദൂറിൽ നിങ്ങൾ ചെയ്ത കാര്യങ്ങളിൽ രാജ്യം അഭിമാനിക്കുന്നു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയതിലൂടെ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള ശ്രമം നടന്നു. അവർ ഇന്ത്യയുടെ നെറ്റിയിൽ ആക്രമിച്ചു, ഞങ്ങൾ അവരുടെ നെഞ്ചിൽ മുറിവുകൾ വരുത്തി പാകിസ്ഥാന്റെ മുറിവുകൾ ഉണക്കാനുള്ള ഏക മാർഗം ഇന്ത്യാ വിരുദ്ധർക്കും ഭീകരർക്കും അഭയം നൽകുന്നത് നിറുത്തുക എന്നതാണ്. ഭീകരതയും ചർച്ചയും ഒരുമിച്ചുപോകില്ല. ഒരിക്കൽ ഭീകരത നിറുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ പാകിസ്ഥാൻ ഇന്ത്യയെ വഞ്ചിച്ചു. ഇപ്പോഴും വഞ്ചിക്കുകയാണ്. അതിന് അവർക്ക് കനത്ത വില നൽകേണ്ടിവന്നു. ഭീകരവാദം തുടർന്നാൽ, ഈ വില വർദ്ധിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ നയം വ്യക്തമാണ്. ഇന്ത്യൻ മണ്ണിലെ ഏത് ഭീകരാക്രമണവും യുദ്ധപ്രവൃത്തിയായി കണക്കാക്കും- അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്ന് ഒരു നടപടിയും സ്വീകരിക്കില്ല എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. തിരിച്ചായാൽ വിഷയം വളരെ ദൂരത്തേക്ക് പോകും.ഭീകരവാദവും ചർച്ചകളും ഒരുമിച്ച് പോകില്ലെന്നും ചർച്ചകൾ നടക്കുകയാണെങ്കിൽ, അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കാശ്‌മീരിനെക്കുറിച്ചുമായിരിക്കുമെന്നും നമ്മുടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധം: അന്താരാഷ്ട്ര
ഇടപെടൽ വേണം
ആണവായുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പാകിസ്ഥാന്റെ കഴിവിനെ ചോദ്യം ചെയ്ത് രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ആണവായുധങ്ങൾ നിരീക്ഷിക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐ.എ.ഇ.എ) മേൽനോട്ടത്തിൽ ഇത് കൊണ്ടുപോകണം.
'നമ്മുടെ സൈന്യത്തിന്റെ ലക്ഷ്യം കൃത്യമാണെന്ന് ലോകത്തിന് അറിയാം. ഇന്ന് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പ്രതിജ്ഞ ശക്തമാണ്. ഇത്രയും നിരുത്തരവാദപരമായ രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുന്നു. പാകിസ്ഥാന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ വേണമെന്ന് വിശ്വസിക്കുന്നു"- അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും ആണവ ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |