തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനത്തിന് ഭരണ നിർവഹണത്തിൽ വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലമേഖലാതല അവലോകന യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ഭരണനിർവഹണരംഗം നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സമർപ്പണവും ശ്രദ്ധേയമാണ്. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങളിലെത്തണമെന്നതാണ് സർക്കാർ നയം.
അപേക്ഷകളുടെ പിന്നാലെ സഞ്ചരിക്കാതെ കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സേവനങ്ങൾ വ്യാപകമാക്കിയത് ഗുണപരമായ മാറ്റമുണ്ടാക്കി. ഡിജിറ്റൽ സേവനങ്ങളടക്കം വ്യാപകമാക്കി.ഫയലുകളുടെ കാര്യത്തിൽ തീർപ്പു കൽപ്പിക്കാൻ മന്ത്രിമാർ നടത്തിയ താലൂക്ക്തല അദാലത്ത്, നിയോജക മണ്ഡലങ്ങളിൽ നടത്തിയ നവകേരള സദസ്സ്, എം .എൽ .എ മാരുമായി നടത്തിയ ജില്ലാതല കൂടിക്കാഴ്ച എന്നിവ നല്ല ഫലം സൃഷ്ടിച്ചു. ഇവയുടെ തുടർനടപടികൾ വേഗത്തിൽ സ്വീകരിച്ചു വരുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തീകരണവും സേവനങ്ങളും സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ ഊർജിതമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും,ചീഫ് സെക്രട്ടറി , അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് തല മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |