സ്വന്തം പേരിനേക്കാൾ പേരു തന്നത് അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. അങ്കമാലി ഡയറീസിലെ കാടൻ ബെന്നി, ആടിലെ കൈപ്പുഴ കുഞ്ഞപ്പൻ, അയ്യപ്പനും കോശിയിലെ സൈമൺ , മച്ചാന്റെ മാലാഖയിലെ കൂട്ടുകാരൻ, ഇഡിയിലെ സനന്ദൻ അങ്കിൾ, പ്രിൻസ് ആന്റ് ഫാമിലിയിലെ എസ്. െ എ, വിനീത് തട്ടിൽ അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും പ്രേക്ഷകർ െ കെനീട്ടി സ്വീകരിച്ചു.
ഒറ്റ സീൻ ഉള്ളെങ്കിലും അത് പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും വിധം പ്രകടനം. ഇതൊക്കെയാണ് വിനീത് തട്ടിൽ എന്ന നടനെ വേറിട്ടു നിറുത്തുന്നത്. രജനികാന്ത് നായകനായ 'ജയിലർ 2"ൽ അഭിനയിച്ച് തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിനീത് തട്ടിൽ. നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയും ഈ വർഷം എത്തുന്നുണ്ട്.പുതിയ വിശേഷങ്ങളുമായി വിനീത് തട്ടിൽ.
പേര് അറിയില്ല
വിനീത് തട്ടിൽ ഡേവിഡ് എന്നാണ് യഥാർത്ഥ പേര്. പലർക്കും ഇതറിയില്ല. തട്ടിൽ കുടുംബ പേരാണ്.വളരെക്കുറച്ച് അഭിമുഖങ്ങളിൽ മാത്രം പങ്കെടുക്കുന്നതാകാം എന്റെ പേര് അറിയാത്തതിന്റെ പ്രധാന കാരണമെന്ന് കരുതുന്നു. കൂടുതലും അറിയപ്പെടുന്നത് കഥാപാത്രങ്ങളുടെ പേരിലൂടെയാണ്.
ഇതുവരെ അഭിനയിച്ച സിനിമകളിൽ കൂടുതലും പൊലീസ്- ഗുണ്ടാ വേഷങ്ങളാണ് .കഥാപാത്രം ചെറുതെന്നോ വലുതെന്നോ നോക്കാറില്ല. സിനിമയോടാണ് ഇഷ്ടം. സിനിമ കണ്ട് പ്രേക്ഷകർ ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമ്പോഴാണ് സന്തോഷം . എത്ര സിനിമയിൽ അഭിനയിച്ചെന്ന്എണ്ണിയിട്ടില്ല. മനസിന് ഇഷ്ടം പോലെ സന്തോഷം കിട്ടുന്നുണ്ട്.'ഓടും കുതിര ചാടും കുതിര", 'സാഹസം "എന്നീ സിനിമകളുടെ ഡബിംഗ് കഴിഞ്ഞു. ഫഹദിനും കല്യാണി പ്രിയദർശനും ഒപ്പമായിരുന്നു ഡബിംഗ്.അടുത്ത ആഴ്ച'ജയിലർ 2"ൽ അഭിനയിക്കാൻ കോഴിക്കോട് പോകണം. രജനി സാറിന്റെ കൂടെ കോമ്പിനേഷൻ സീൻ കിട്ടിയാൽ ഭാഗ്യം. എന്റെ സിനിമ കണ്ട് അവര് വിളിച്ചതാണ്. രജനി സാറിന്റെ സിനിമയിൽ അഭിനയിച്ച് ആദ്യമായി തമിഴിൽ. ഇതൊന്നും തീരെ പ്രതീക്ഷിച്ചതല്ല.
വൈകിയില്ല
ചെറുപ്പം മുതൽ സിനിമ കാണാൻ ഇഷ്ടമാണ്. സുഹൃത്തുക്കൾക്കൊപ്പം പലേടത്തും ഷൂട്ടിംഗ് കാണാൻ പോയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ മോഹൻലാൽ നായകനായ ' സ് ഫടികം"സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയത് ഓർമ്മയുണ്ട് . സിനിമയിൽ തന്നെയുള്ള സൗഹൃദങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഉത്സാഹ കമ്മിറ്റി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് തുടക്കം. ശ്രദ്ധിക്കുന്ന കഥാപാത്രത്തെ തരുന്നത് ചെമ്പൻ വിനോദ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ്.
അങ്കമാലി ഡയറീസിന്റെ വിജയം കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതിനിടയാക്കി.
പിന്നീട് നിരവധി അവസരങ്ങൾ തുറന്നു തന്നു. ഭീമന്റെ വഴി, പീസ്, ഗോൾഡ്, വോയിസ് ഒഫ് സത്യനാഥൻ, തട്ടാശേരി കൂട്ടം, മന്ദാകിനി, മച്ചാന്റെ മാലാഖ, ഇ.ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.
റിലീസിന് ഒരുങ്ങുന്ന 'റേച്ചൽ" സിനിമയിൽ മുഴുനീള വേഷം ആണ് .'വത്സലാ ക്ളബിലും" നല്ലകഥാപാത്രം തന്നെ.
'മന്ദാകിനി" ക്കുശേഷം അൽത്താഫ് സലിമും അനാർക്കലിയും അഭിനയിക്കുന്ന സിനിമയിലും അടിപൊളി വേഷമാണ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന സിനിമയിലും അഭിനയിച്ചു.
'കൈപ്പുഴ കുഞ്ഞപ്പൻ " ആട് 3 ൽ വരുന്നുണ്ട്. ഒരു മാസം കഴിഞ്ഞ് പോകണം. നായകനായി അഭിനയിക്കുന്ന രണ്ടു ചെറിയ സിനിമയുടെ ചർച്ചയും എഴുത്തും നടക്കുന്നു. സിനിമ കൂടാതെ സ്വന്തമായി ബിസിനസും ചെയ്യുന്നുണ്ട്.രണ്ടു ട്രാക്കും വേണ്ടേ? സിനിമ മാത്രമായി പോകാൻ പറ്റില്ല. തൃശൂർ പെരിങ്ങോട്ടുകരയാണ് നാട് . വീട്ടിൽ അമ്മയും ഞാനും മാത്രം . സഹോദരന്റെയും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ്. പെട്ടെന്ന് എന്റെ വിവാഹം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അനക്കങ്ങൾ നടക്കുന്നു. അടുത്ത വർഷം നോക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |