വിവാഹിതയാകാൻ പോകുന്ന വിവരം അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ ബാബു കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. ആർ ജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വരനായി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയ ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു.
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും മകൾ ഖുഷി സിബിനെ ഡാഡിയെന്നാണ് വിളിക്കുന്നതെന്നും ആര്യ കുറിപ്പിൽ പറഞ്ഞിരുന്നു.
ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുഷി. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അർച്ചനയുമായിട്ടും ആര്യ നല്ല സൗഹൃദത്തിലാണ്.
ആര്യയുടെ വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ രോഹിത്ത് ചെയ്ത കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൺഗ്രാജുലേഷൻസ് എന്നാണ് രോഹിത്ത് കുറിച്ചത്. ആര്യ മറുപടിയായി നന്ദിയും പറഞ്ഞിട്ടുണ്ട്. വേർപിരിഞ്ഞുകഴിഞ്ഞിട്ടും ഇരുവരും സൗഹൃദം സൂക്ഷിക്കുന്നതിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.
ആര്യയ്‌ക്കും സിബിനും ആശംസയറിയിച്ചുകൊണ്ട് അർച്ചനയും കമന്റ് ചെയ്‌തിട്ടുണ്ട്. ഇവരെക്കൂടാതെ അനു സിത്താര, രമേഷ് പിഷാരടി, എലീന പടിക്കൽ അടക്കം നിരവധി പേരാണ് ആശംസയറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |