ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദികളുടെ സഹോദരിയെന്ന് അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷാ വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസും ബുധനാഴ്ച അയച്ചിരുന്നു. ഇപ്പോഴിതാ ഇതിനുമുൻപും വിജയ് ഷാ പലതരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2020ൽ വനം വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം നടി വിദ്യാ ബാലനെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ബാലഘട്ടിൽ നടിയുടെ ഷേർണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് വിജയ് ഷാ അത്താഴത്തിനായി ക്ഷണിച്ചത്. എന്നാൽ വിദ്യാ ബാലൻ ആ ക്ഷണം നിരസിക്കുകയായിരുന്നു. ഇതോടെ മന്ത്രിയുടെ ഓഫീസ് വിദ്യാ ബാലന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനുളള അനുമതികൾ റദ്ദാക്കുകയും ഷൂട്ടിംഗിനായുളള വാഹനങ്ങൾ വനമേഖലയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ വിജയ് ഷാ നിരസിച്ചിരുന്നു.
2013ൽ ജാബുവയിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഭാര്യയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതിന് മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.ഇപ്പോഴിതാ സോഫിയ ഖുറേഷിയെ അപമാനിച്ച സംഭവത്തിൽ കടുത്ത നടപടികൾ നേരിടുകയാണ് വിജയ് ഷാ. ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷാ അധിക്ഷേപ പരാമർശം നടത്തിയത്. നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഇതിന്റെ വീഡിയോ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിത്തു പട്‌വാരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഷായുടെ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.സംഭവം വിവാദമായതോടെ അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷായും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |