തിരുവനന്തപുരം: സർക്കാരിന്റെ പരിശീലന സ്ഥാപനങ്ങളിലൂടെ മികച്ച നൈപുണ്യ പരിശീലനം നൽകി യുവതലമുറയെ തൊഴിൽ സജ്ജരാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുടെ സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് - ഡ്രോൺ സെന്റർ ഒഫ് എക്സൈലൻസും സംയുക്തമായി നടത്തുന്ന ഡ്രോൺ സെന്റർ ഒഫ് എക്സലൻസ് പരിശീലനം നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷി, പ്രതിരോധം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച ഉപയോഗസാദ്ധ്യത ഡ്രോൺ ടെക്നോളജിക്കുണ്ട്. അസാപ്പിന്റെ രണ്ടാമത്തെ ഡ്രോൺ പരിശീലന കേന്ദ്രമാണിത്. ആദ്യത്തേത് കാസർകോട്ടാണ്. അടുത്ത ഡ്രോൺ പരിശീലന കേന്ദ്രം തൃശൂരിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷയായി. തമിഴ്നാട് സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മയിൽസ്വാമി അണ്ണാദുരൈ, സി.എ.എസ്.ആർ ഡയറക്ടർ ഡോ.കെ സെന്തിൽ കുമാർ, അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
പ്രൊഫഷണലുകളുമായി മുഖ്യമന്ത്രി ഇന്ന് സംവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി വികസന സങ്കൽപ്പങ്ങൾക്ക് രൂപം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രൊഫഷണൽ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ 'പ്രൊഫഷണൽ കണക്ട് 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 9.30 മുതൽ 1.00 വരെ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഐ.ടി, കാർഷികം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുക്കും. അടുത്ത അഞ്ചുവർഷത്തേക്ക് കേരളം ലക്ഷ്യമിടുന്ന പ്രധാന വികസന പദ്ധതികളിൽ മുഖ്യമന്ത്രി അഭിപ്രായങ്ങൾ തേടും.
വന്യജീവി:സി.പി.എം സമരം
തട്ടിപ്പെന്ന് സണ്ണി ജോസഫ്
കോഴിക്കോട്: സർക്കാരിനെതിരെ പാർട്ടി എം.എൽ.എയ്ക്കുപോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് കേരളത്തിലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ജനീഷ് കുമാറിന് യു.ഡി.എഫ് പ്രതിഷേധത്തിൽ ചേരാം. വന്യജീവി ആക്രമണത്തിനെതിരെ സി.പി.എം നടത്തുന്ന പ്രതിഷേധം തട്ടിപ്പാണ്. വന്യജീവികൾ ജനത്തെ കടിച്ചുകീറിക്കൊല്ലുന്നത് കേരളത്തിൽ വലിയ പ്രശ്നമാവുമ്പോൾ അതിനെതിരായുള്ള ജനകീയ പ്രതിഷേധത്തിന് മുന്നിൽ കയറി നിൽക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കോഴിക്കോട് ഡി.സി.സി ഓഫീസിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗാന്ധിനിന്ദ നടത്തിയതിന് കേസെടുക്കണം: വി.ഡി.സതീശൻ
തിരുവനന്തപുരം:മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി ഗാന്ധി നിന്ദ നടത്തിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്ത് പറഞ്ഞാണ് ഭീഷണി. സനീഷിന്റെ വീടിന് മുന്നിലൊ അടുക്കളയിലോ ഗാന്ധി സ്തൂപം നിർമ്മിച്ചാൽ തകർക്കുമെന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കും.
ദേവസ്വം കമ്മിഷണറുടെ
കാലാവധി നീട്ടി
കൊച്ചി: തിരുവിതാകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി. പ്രകാശിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ച നടപടിക്ക് ഹൈക്കോടതി ഈ മാസം 31വരെ പ്രാബല്യം അനുവദിച്ചു. നിയമന കാലാവധി 18ന് അവസാനിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഉപഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജോൺസൻ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രകാശ് 31ന് സർക്കാർ സർവീസിൽനിന്ന് വിരമിക്കും.
സിന്ധു വി.നായർക്ക്
31 കേസുകളിൽക്കൂടി ജാമ്യം
കൊച്ചി: ഉയർന്ന പലിശ വാഗ്ദാനംചെയ്ക് നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പത്തനംതിട്ട സ്വദേശിനി സിന്ധു വി.നായർക്ക് 31 കേസുകളിൽ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ 62 കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും കേസുകൾ ഉള്ളതിനാൽ ജാമ്യം കിട്ടിയെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല. പത്തനംതിട്ട ജില്ലയിൽ പ്രവർത്തിച്ചിരുന്ന ജി.ജി ഫിനാൻസിയേഴ്സിന്റെ (പി.ആർ.ഡി നിധി ലിമിറ്റഡ്) മറവിലായിരുന്നു നിക്ഷേപത്തട്ടിപ്പ്.
മഴക്കാല മുന്നൊരുക്കം ഊർജ്ജിതമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകി. മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മേയ് 20നകം ജില്ലാതല കർമ്മ പദ്ധതി തയ്യാറാക്കാനും ദുരന്ത സാധ്യത മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും നിർദ്ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, ഹോർഡിംഗുകൾ എന്നിവ സുരക്ഷിതമാക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കണം. നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനം ശുചീകരിക്കണം. ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |