ന്യൂഡൽഹി: ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്ക് പിന്തുണമായി സംസ്ഥാന ബി.ജെ.പി ഘടകം. ഷാ ഉപയോഗിച്ച വാക്കുകൾ അനുചിതമാണെങ്കിലും അദ്ദേഹം മാപ്പു പറഞ്ഞതോടെ വിഷയം അവസാനിച്ചെന്ന നിലപാടാണ് ബി.ജെ.പിയുടേത്. കേസെടുക്കാനുള്ള മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചും മുൻകൂർജാമ്യാപേക്ഷ തള്ളിയും കർശന നിലപാടെടുത്ത സുപ്രീംകോടതി അപമാനിച്ചതിന് മാപ്പുപറയണമെന്ന് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കൾ പിന്തുണയുമായി വന്നത്.
ഷാ വ്യക്തമായി ക്ഷമാപണം നടത്തിയെന്നും ആവശ്യമെങ്കിൽ എത്ര തവണ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും ബി.ജെ.പി എം.എൽ.എയും മദ്ധ്യപ്രദേശ് മന്ത്രിയുമായ പ്രതിമ ബാഗ്രി പറഞ്ഞു. ഷാ പറഞ്ഞത് വളച്ചൊടിച്ചെന്ന നിലപാടാണ് ബി.ജെ.പിക്ക്. അദ്ദേഹം മനപൂർവം ആരെയും അപമാനിക്കാൻ ലക്ഷ്യമിട്ടില്ലെന്നും പറയുന്നു. മേയ് 12 ന് ഇൻഡോറിലെ റായ്കുണ്ട ഗ്രാമത്തിൽ നടന്ന ഒരു പൊതു പ്രസംഗത്തിലാണ് ഷാ വിവാദ പരാമർശം നടത്തിയത്.
ജാതി പറഞ്ഞ് എസ്.പി
നേതാവും വിവാദത്തിൽ
ബി.ജെ.പി മന്ത്രിയുടെ അപകീർത്തി പരാമർശത്തിന്റെ വിവാദം കെട്ടടങ്ങുംമുമ്പ് സൈനിക ഓഫീസർമാരുടെ ജാതി പറഞ്ഞ് പുലിവാലു പിടിച്ച് സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ വർമ്മ. സോഫിയ ഖുറേഷിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കവേ ഓപ്പറേഷൻ സിന്ദൂർ പത്രസമ്മേളനത്തിലൂടെ പ്രശസ്‌തരായ വിംഗ് കമാൻഡർ വ്യോമിക സിംഗിന്റെയും എയർ വൈസ് മാർഷൽ എസ്.പി. ഭാരതിയുടെയും ജാതി പറഞ്ഞതാണ് വിവാദമായത്.
മൊറാദാബാദിൽ ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു പരാമർശം. വ്യോമിക സിംഗിന്റെയും വൈസ് എയർമാർഷൽ ഭാരതിയുടെയും ജാതി അറിഞ്ഞിരുന്നെങ്കിൽ ബി.ജെ.പി അവരെയും അപകീർത്തിപ്പെടുത്തിയേനെ. വ്യോമിക സിംഗ് ഹരിയാനയിൽ നിന്നും എയർ മാർഷൽ ഭാരതി പൂർണിയയിൽ നിന്നുമുള്ള യാദവ സമുദായാംഗങ്ങളാണ്. അവർ പിന്നാക്ക സമുദായത്തിൽ നിന്നാണെന്ന് ബി.ജെ.പി അറിഞ്ഞില്ല. അവർ കരുതിയത് വ്യോമിക രജപുത് ആണെന്നാണ്. സൈനിക യൂണിഫോമിനെ ജാതി കാഴ്ചപ്പാടിലൂടെ കാണരുതെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ധീരയായ മകളെ ജാതിയുടെ പരിധിക്കുള്ളിൽ ബന്ധിപ്പിക്കുന്നത് രാം ഗോപാൽ വർമ്മയുടെ പാർട്ടിയുടെ ഇടുങ്ങിയ ചിന്താഗതി മൂലമാണ്. സൈന്യത്തെ അപമാനിക്കുന്നതാണ് പ്രസ്‌താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |