തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തേക്ക് തന്നെ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കേരളകൗമുദിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാക്കാലത്തും തനിക്ക് താങ്ങും തണലുമായിട്ടാണ് കേരളകൗമുദി നിലകൊണ്ടിട്ടുള്ളത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് കേരളകൗമുദി നൽകിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ താൻ പരമാവധി ശ്രമിച്ചതാണ്. എന്നാൽ, സ്വാമി ശാശ്വതീകാനന്ദയുടെ ഉപദേശവും കേരളകൗമുദി പത്രാധിപർ എം.എസ്.മണിയുടെ നിർബന്ധവുമാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഇവർ രണ്ടുപേരും മുന്നിൽ നിന്നപ്പോൾ വി.എസ്.അച്യുതാനന്ദൻ മറ്റൊരു ശക്തിയായി പിന്നിൽ നിന്നു. ഈ 'ചതി'യിൽ തനിക്ക് സന്തോഷമുണ്ട്. എന്നും കൂടെയുണ്ടാവുമെന്ന് അന്ന് തനിക്ക് തന്ന വാക്ക് കേരളകൗമുദി ഇപ്പോഴും പാലിക്കുന്നുണ്ട്.
വലിയ രീതിയിൽ നടത്തിയിരുന്ന കരാർ പണികൾ ഉപേക്ഷിച്ചാണ് താൻ യോഗത്തിന്റെ നേതൃത്വത്തിലേക്ക് വന്നത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് താൻ ഇവിടെ വരെയെത്തിയത്. തീയിൽ കുരുത്തതിനാൽ വെയിലത്ത് വാടില്ല. താൻ ഈ ചുമതലയിലേക്ക് വരുമ്പോൾ പലഭാഗത്തു നിന്ന് പലവിധ ആക്ഷേപങ്ങൾ ഉയർന്നു. അപ്പോഴെല്ലാം കേരളകൗമുദിയാണ് പിന്തുണച്ചത്.
ആദ്യ തിരഞ്ഞെടുപ്പിൽ താൻ ജയിച്ചത് സ്വന്തം മിടുക്കുകൊണ്ടല്ല. കേരളകൗമുദിയുടെ എഴുത്തും സ്വാമി ശാശ്വതീകാനന്ദയുടെ ഉപദേശവും ഇടതുപക്ഷത്തിന്റെ പിന്തുണയും ഏറെ സഹായിച്ചു. എതിരാളികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. തനിക്ക് ആരെയും ഭയമില്ല. അതുകൊണ്ടുതന്നെ പറയേണ്ട കാര്യങ്ങൾ ആരോടും പറയും. അടുത്തകാലത്ത് താൻ പറഞ്ഞ ചില സത്യങ്ങൾ വലിയ വിവാദമായി. മുസ്ലീം സമുദായത്തിന് എതിരാണ് താനെന്ന മട്ടിലായിരുന്നു പ്രചാരണം. മുസ്ലീം ലീഗ് അധികാരത്തിലിരുന്നപ്പോൾ കാട്ടിയ അവഗണനയെക്കുറിച്ചാണ് പറഞ്ഞത്. മലപ്പുറം ജില്ലയിൽ ആ വിഭാഗത്തിന് 11 എയ്ഡഡ് കോളേജുകളും ആറ് അറബിക് കോളേജുകളുമുള്ളപ്പോൾ ഈഴവ സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തന്നില്ല. ഈ സത്യം തുറന്നുപറയാനാവുന്നില്ലെങ്കിൽ പിന്നെ ജനറൽ സെക്രട്ടറി കസേരയിൽ താൻ ഇരിക്കുന്നതിൽ അർത്ഥമില്ല. സാമൂഹ്യനീതിക്കായി താൻ പറയുമ്പോൾ തന്നെ സമുദായ വാദിയാക്കുന്നു.
പ്രവൃത്തിയിൽ വെള്ളം ചേർക്കാതെയും രാഷ്ട്രീയമില്ലാതെയുമാണ് താൻ പ്രവർത്തിക്കുന്നത്. സമുദായം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണ് തന്റെ ലക്ഷ്യം. സമുദായത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാനാണ് മൈക്രോഫിനാൻസ് പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരുന്ന പ്രസ്ഥാനമാണ് കേരളകൗമുദി. ആ പ്രസ്ഥാനത്തെ വളർത്താനും ഉയർത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |