തിരുവനന്തപുരം: മദ്യലഹരിയിൽ സ്വകാര്യ ബസ് ഡ്രൈവർ, മറ്റൊരു സ്വകാര്യ ബസിനുള്ളിൽ കയറി അതിലെ കണ്ടക്ടറെ കുത്തി. കിഴക്കേകോട്ടയിലെ വെള്ളക്കോട്ടയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.സ്വകാര്യ ബസ് കണ്ടക്ടറായ വിനോയ് എന്നയാളെ മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറായ ബാബുരാജ് ഉണ്ണികൃഷ്ണനാണ് കുത്തിയത്.
നാളുകളായി നീണ്ടുനിന്ന വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ വിനോയ് വധശ്രമക്കേസിലെ പ്രതിയാണ്. കണ്ടക്ടർ സീറ്റിൽ ഇരിക്കുകയായിരുന്ന വിനോയിയെ ഫോർക്ക് ഉപയോഗിച്ചാണ് കുത്തിയത്. ആവർത്തിച്ചാവർത്തിച്ച് കുത്തുകയായിരുന്നു. മൂക്കിലും കവിളിലും കുത്തേറ്റു.വിവരമറിഞ്ഞെത്തിയ പൊലീസാണ് വിനോജിനെ ആശുപത്രിയിലേക്ക് മാറ്റിയത്.ഇയാൾ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഓടി മറ്റൊരു ബസിലിടിച്ച് പ്രതി ബാബുരാജിന് പരിക്കേറ്റിട്ടുണ്ട്.ഇയാൾ നിലവിൽ ചികിത്സയിലാണ്.വിനോയ് ജോലി ചെയ്യുന്ന ബസിൽ ഡ്രൈവറായി ജോലിക്ക് കയറാൻ ബാബുരാജ് ശ്രമിച്ചിരുന്നു.എന്നാൽ ബാബുരാജ് മദ്യപാനിയാണെന്നു പറഞ്ഞ് വിനോയ് ഈ നീക്കം തടഞ്ഞു. ഇതാണ് വൈരാഗ്യത്തിന് കാരണം. വിനോജിനെ ആക്രമിക്കാനായി രണ്ട് ദിവസമായി ബാബുരാജ് ആയുധവുമായി നടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ വിനോയ് ബേക്കറി ജംഗ്ഷനിൽ ഒരു യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് റിമാൻഡിൽ കഴിഞ്ഞിരുന്നു.കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ശേഷമാണ് ബസിൽ ജോലിക്ക് കയറിയത്.ഇയാളെ ബാബുരാജ് കുത്തുന്ന ദൃശ്യങ്ങൾ ബസിനുള്ളിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിരുന്നു.
ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാർ,എസ്.ഐമാരായ ബൈജു,സുരേഷ്,സി.പി.ഒമാരായ ലിബിൻ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |