മലപ്പുറം: പ്ലസ് വൺ അപേക്ഷാ സമർപ്പണം പൂർത്തിയാവാൻ രണ്ടുദിവസം മാത്രം ശേഷിക്കേ ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 65,585 പേർ. എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് 63,823 പേർ, സി.ബി.എസ്.ഇ - 1,348, ഐ.സി.എസ്.ഇ -എട്ട്, മറ്റ് വിഭാഗങ്ങളിൽ നിന്ന് 406 പേർ എന്നിങ്ങനെ ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് 40,516 അപേക്ഷകരാണുള്ളത്. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.52 ശതമാനമായിരുന്നു വിജയം. 79,272 കുട്ടികൾ തുടർപഠനത്തിന് അവസരം ലഭിച്ചിട്ടുണ്ട്. എ പ്ലസിൽ സംസ്ഥാനത്ത് തന്നെ മുന്നിലുണ്ട്. 9,696 പേർ എ പ്ലസ് കരസ്ഥമാക്കി.
മാർച്ചിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം സർക്കാർ, എയ്ഡഡ് മേഖലയിൽ ജില്ലയിൽ 53,936 പ്ലസ് വൺ സീറ്റുകളുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച സീറ്റ് വർദ്ധനവും താത്ക്കാലിക ബാച്ചുകളും നിലനിറുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായ ശേഷമാണ് സീറ്റ് വർദ്ധനവ് പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിച്ചത് വിദ്യാർത്ഥികളുടെ ആശങ്ക കുറയ്ക്കുന്നുണ്ട്.
മുഴുവൻ വിദ്യാർത്ഥികൾക്കും മെറിറ്റ് സീറ്റിൽ പഠിക്കാനുള്ള അവസരം ജില്ലയിൽ ഇല്ലെങ്കിലും അൺ എയ്ഡഡ് മേഖലയിലെ സീറ്റുകളും വി.എച്ച്.എസ്.ഇ -2,820, ഐ.ടി.ഐ 5,484, പോളിടെക്നിക്ക് - 880 എന്നിങ്ങനെ സീറ്റുകൾ കൂടി കൂട്ടുമ്പോൾ ഉപരിപഠനത്തിന് വലിയ പ്രതിസന്ധി ഉണ്ടാവില്ല. അതേസമയം സയൻസ് സീറ്റിനാണ് ജില്ലയിൽ ഏറെ അപേക്ഷകർ എന്നതും ഇതിന് ആനുപാതികമായി സീറ്റുകൾ കുറവാണെന്നതും മുൻവർഷങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കൽ, എൻജിനീയറിംഗ് പഠനങ്ങൾ ലക്ഷ്യമിടുന്നവർ എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ കീഴിലുള്ളതോ, ഇവരുമായി ബന്ധപ്പെട്ട അൺ എയ്ഡഡ് സ്ഥാപനങ്ങളിലോ പഠിക്കുന്ന സ്ഥിതിവിശേഷവും ജില്ലയിലുണ്ട്. മേയ് 20ന് ആണ് പ്ലസ് വൺ അപേക്ഷ സമർപ്പണം അവസാനിക്കുക. 24ന് ട്രയലും ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |