നടൻ മോഹൻലാലിനൊപ്പം തിരശ്ശീലയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച് തമിഴ് നടൻ വിജയ് സേതുപതി. 'തുടരും' എന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് വിജയ് സേതുപതി പ്രതികരിച്ചത്. മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം സിനിമയിലെ ഫോട്ടോയിലെങ്കിലും പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി കുറിച്ചു.
ചിത്രത്തിൽ ഫോട്ടോ സാന്നിദ്ധ്യമായി വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നുണ്ട്. റിലീസിന് മുൻപ് സർപ്രെെസ് ആയി വച്ചിരിക്കുകയായിരുന്നു. വിജയ് സേതുപതിയും മോഹൻലാലും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമയിലെ ഈ ചിത്രം മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
ഈ പോസ്റ്റാണ് വിജയ് സേതുപതി ഷെയർ ചെയ്ത് സന്തോഷം അറിയിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാലിന്റെ ഷൺമുഖം എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നാണ് താരം പുറത്തുവിട്ടത്. 'ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും,തലോടും താനേ കഥ തുടരും'- എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.
150 കോടി കളക്ഷൻ കടന്ന് തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. ഏപ്രിൽ 25നാണ് തുടരും തിയേറ്ററുകളിലെത്തിയത്. പുറത്തിറങ്ങി ആറാം ദിവസം തന്നെ ചിത്രം നൂറുകോടി ക്ളബ്ബിലെത്തിയിരുന്നു. മോഹൻലാലും ശോഭനയും വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ആർഷ ചാന്ദ്‌നി ബൈജു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |