കൊച്ചി: മലയാളികളെ പ്രണയത്തിന്റെ മഴയും വെയിലും കൊള്ളിച്ച ചങ്ങമ്പുഴയുടെ കുടുംബചരിത്രം നോവലാകുന്നു. എഴുതിയത് മകൾ ലളിത. 'ചങ്ങമ്പുഴ മാർത്താണ്ഡപ്പണിക്കർ, ഒരു ദേശത്തിന്റെ ദൈവം' എന്നാണ് നോവലിന്റെ പേര്. ഒന്നര വർഷം മുൻപാണ് എഴുതിത്തുടങ്ങിയത്. ചങ്ങമ്പുഴയുടെ വല്യമ്മാവനും ഇടപ്പള്ളി തമ്പുരാന്റെ പടനായകനുമായിരുന്ന ചങ്ങമ്പുഴ മാർത്താണ്ഡപ്പണിക്കരാണ് കേന്ദ്രകഥാപാത്രം. പോർച്ചുഗീസുകാർ അദ്ദേഹത്തെ യുദ്ധമുറകൾ പഠിപ്പിക്കാൻ കൊണ്ടുപോയതും പിന്നീടുണ്ടായ ദുരന്തങ്ങളും ഈ നോവലിലുണ്ട്.
അമ്മ ശ്രീദേവിയും ബന്ധുക്കളും പറഞ്ഞുകേട്ടിട്ടുള്ള അച്ഛന്റെ സ്വരൂപം മനസിലുണ്ടെങ്കിലും അത് വരച്ചുകാട്ടാനുള്ള ശ്രമം ഈ നോവലിലില്ല. 'നിലാവിന്റെ നിറമുള്ള മുണ്ടും ജൂബയും ധരിച്ച അച്ഛൻ. അതുകൊണ്ടുതന്നെ നിലാവിൽ അച്ഛന്റെ സാമീപ്യമറിയുന്നു. 1948 ജൂൺ 17ന് 36ാം വയസിൽ ജീവിതത്തോട് വിടപറഞ്ഞ അച്ഛൻ ഇപ്പോഴും കൂടെയുണ്ടെന്ന് ഉറപ്പുണ്ട്."- ലളിത കേരളകൗമുദിയോട് പറഞ്ഞു. എളമക്കരയിലെ ചങ്ങമ്പുഴ വീട്ടിൽ മകൻ കൃഷ്ണചന്ദ്രനൊപ്പമാണ് താമസം. മകൾ ശ്രീലത ബംഗളൂരുവിലെ കനേഡിയൻ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയാണ്. മരുമകൻ ജയചന്ദ്രൻ (എൻജിനീയർ). ഭർത്താവ് പരേതനായ സദാശിവൻ.
എഴുതാൻ അനുവദിക്കാത്ത അമ്മ
ഇപ്പോൾ 78 വയസായ ലളിതയ്ക്ക് ഒരുവയസ് തികയും മുൻപേ ചങ്ങമ്പുഴ അന്തരിച്ചു. അച്ഛനെ ശരിയായി കണ്ടിട്ടില്ലാത്ത മകൾ ചെറുപ്പത്തിൽത്തന്നെ കഥയെഴുത്ത് തുടങ്ങിയിരുന്നു. പക്ഷേ, അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. കണ്ണുനീർ തുള്ളികൾ, എന്റെ കഥ എന്നീ രണ്ടു നോവലുകൾ എഴുതിയെങ്കിലും അമ്മയുടെ എതിർപ്പുമൂലം പ്രസിദ്ധീകരിച്ചില്ല. മകൾക്ക് കല്യാണാലോചനകൾ വരുമ്പോൾ, ചെറുക്കൻ എഴുത്തുകാരനല്ലെന്ന് ഉറപ്പുവരുത്തുമായിരുന്നു. അച്ഛന്റെ വിരലിൽത്തൂങ്ങി പിച്ചവയ്ക്കാൻ ഭാഗ്യമില്ലാതെപോയെങ്കിലും ആ വിരൽകൊണ്ട് തേനിൽചാലിച്ച വാത്സല്യം മകളുടെ നാവിലലിഞ്ഞത് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ക്ഷയരോഗബാധിതനായ മഹാകവി ഒറ്റമുറി വീട്ടിൽ മാറി താമസിക്കുമ്പോൾ, തേനിൽ മുക്കിയ വിരലുകൾ ജനാലയിലൂടെ മകൾക്കുനേരെ നീട്ടുമായിരുന്നു.
''എഴുതുമ്പോൾ അച്ഛൻ അരികിലുണ്ടെന്ന് തോന്നും. സ്വപ്‌നങ്ങളിൽ വരാറുമുണ്ട്. ആ ദിവസങ്ങളിൽ നന്നായി എഴുതും.
-ലളിത ചങ്ങമ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |