തിരുവനന്തപുരം: 'ഞാൻ എന്തിന് സ്വതന്ത്രനാകണം? ആർക്കാണ് സ്വാതന്ത്ര്യം വേണ്ടത്..." താൻ ജയിൽ വിമോചിതനായെന്നറിഞ്ഞിട്ടും ബഷീറിന് ചിരിക്കാനായില്ല. അയാൾ നാരായണിയുടെ ഓർമ്മകളുടെ തടവറയിലായി. ബഷീർ ഇനി മടങ്ങിവരില്ലെന്നറിയാതെ ഉണങ്ങിയ ചുള്ളിക്കമ്പുകൾ നാരായണി അപ്പോഴും മതിലിനപ്പുറത്ത് എറിഞ്ഞുകൊണ്ടേയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ 'മതിലുകൾ" അവസാനിക്കുമ്പോൾ നാരായണിക്ക് എന്ത് സംഭവിച്ചുവെന്ന് വായനക്കാർ അറിയുന്നില്ല. ഒരു കൂട്ടം ജയിൽ ഉദ്യോഗസ്ഥർ തന്നെ നാരായണിയുടെ ഭാഗത്ത് നിന്ന് കഥയ്ക്ക് പുനരാവിഷ്കാരം നൽകി. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയിലാണ് നാരായണിയും ബഷീറും പുനർജനിക്കുന്നത്. നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കിയപ്പോഴും നാരായണിയെ പ്രേക്ഷകർ അറിഞ്ഞത് കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമായിരുന്നു. എന്നാൽ ജയിൽ ജീവനക്കാർ അവതരിപ്പിക്കുന്ന പന്ത്രണ്ട് മിനിട്ട് ദൈർഘ്യമുള്ള നാടകത്തിൽ നാരായണിക്ക് മുഖമുണ്ട്. നെട്ടുകാൽതേരി ഓപ്പൺ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറും കവിയുമായ സന്തോഷ് പെരളിയാണ് നാടകം സംവിധാനം ചെയ്തതത്. പൂജപ്പുര സെൻട്രൽ ജയിലിലെ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസേഴ്സ് ട്രെയിനികളായ കഴക്കൂട്ടം സ്വദേശി ശരണ്യ, കൊല്ലം സ്വദേശി രോഹിണി, വയനാട് സ്വദേശി അപർണ എന്നിവരാണ് നാരായണിയായി അഭിനയിക്കുന്നത്. ഓരോ മുക്കാൽമണിക്കൂർ ഇടവേളയിലും അവതരിപ്പിക്കുന്ന നാടകത്തിൽ ഇവർ മാറി മാറിയെത്തും.
എട്ടാം ബ്ലോക്കിനപ്പുറത്തെ കണ്ണുനീർ
ബഷീറിന്റെ നോവലിന് പശ്ചാത്തലമായ പൂജപ്പുര സെൻട്രൽ ജയിലിൽ തന്നെയായിരുന്നു പരീശീലനം. ഒരാഴ്ച പ്രതിദിനം ഒരുമണിക്കൂർ മാത്രമായിരുന്നു പരിശീലനത്തിന് ലഭിച്ചത്. ജയിലിലെ എട്ടാമത്തെ ബ്ലോക്കിനോട് ചേർന്നായിരുന്നു സ്ത്രീത്തടവുകാരെ അന്ന് പാർപ്പിച്ചിരുന്നത്. ആശുപത്രിയിൽ വച്ച് കാണാമെന്ന് പറഞ്ഞാണ് ബഷീറും നാരായണിയും അവസാനമായി സംസാരിക്കുന്നത്. എന്നാൽ,അതിന് മുൻപേ ബഷീർ ജയിൽമോചിതനായി. 'എന്നോട് പിണക്കമാണോ...അതോ എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ മിണ്ടാത്തെ..."ബഷീർ പോയതറിയാതെ നെഞ്ചുരുകി നാരായണി ചോദിക്കുന്നത് നാടകത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. 23 വരെ നാടകം ആസ്വദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |