തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റുകളിൽ വെട്ടിച്ചുരുക്കൽ തുടരുന്നതിനിടെ വനിതാ-ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയ്ക്കുള്ള പുതിയ ഷോർട്ട് ലിസ്റ്റും കഴിഞ്ഞ ലിസ്റ്റിനെക്കാൾ മൂന്നിലൊന്നായി ചുരുങ്ങി.
ഈ മാസം പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റിൽ 375 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഷോർട്ട് ലിസ്റ്റിൽ 1122 പേരാണ് ഉണ്ടായിരുന്നത്.മെയിൻ ലിസ്റ്റിൽ 181 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 194 പേരുമാണുള്ളത്. കഴിഞ്ഞ ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 587 പേരും സപ്ലിമെന്ററിയിൽ 535 പേരുമാണ് ഉൾപ്പെട്ടിരുന്നത്.
2024 ഫെബ്രുവരി 22നാണ് മുൻ റാങ്ക്ലിസ്റ്റ് റദ്ദായത്. അതിനുശേഷം ഇതുവരെ ആറ് ഒഴിവുകളേ പി.എസ് .സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇതാണ് ലിസ്റ്റ് ചുരുങ്ങാൻ കാരണമായത്.
കഴിഞ്ഞ റാങ്ക്പട്ടികയുടെ മെയിൻ ലിസ്റ്റിൽ 579 പേരുണ്ടായിരുന്നു. ഇതിൽ നിന്ന് 288 പേർക്കായിരുന്നു നിയമനശുപാർശ ലഭിച്ചത് . പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ 2023 ലാണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 22 നായിരുന്നു ഒ.എം.ആർ പരീക്ഷ. ഇതിന്റെ മാർക്ക് അടിസ്ഥാനമാക്കിയാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഇനി അഭിമുഖത്തിന്റെ മാർക്ക് കൂടി ചേർത്താണ് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്. വരാനിരിക്കുന്ന റാങ്ക് ലിസ്റ്റ് ഇനിയും ചുരുങ്ങും. ഓഗസ്റ്റിലാകും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |