കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് കോംപ്ളക്സിലെ ടെക്‌സ്റ്റൈൽസിൽ നിന്ന് ആളിപ്പടർന്ന തീ കോഴിക്കോട് നഗരത്തെ അഞ്ചു മണിക്കൂറിലേറെ മുൾമുനയിലാക്കി. കരിപ്പൂർ എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം എത്തിയാണ് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ മാറ്റി. നഗരം സ്തംഭിച്ചു. കോടികളുടെ നഷ്ടം. ഒഴിവുദിവസം ആയതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ വൈകിട്ട് അഞ്ചിനാണ് തീ പടർന്നത്.
സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.
കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഒന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലായിരുന്നു തീപിടിത്തം. കാരണം വ്യക്തമല്ല. ഗോഡൗണിൽ നിന്നുയർന്ന തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്നു. ടെക്‌സ്റ്റൈൽസ് പൂർണമായും കത്തിയമർന്നു. നഗരമാകെ കറുത്ത പുകയിലും ചൂടിലും അമർന്നു.
ജില്ലയിലെ എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകളും മലപ്പുറം ജില്ലയിലെയും കോഴിക്കോട് എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം പരിശ്രമിച്ച് രാത്രി 10 മണിയോടെയാണ് തീയണച്ചത്. മറ്റ് കടകളിലേക്കും തീ പടർന്നു.
സ്‌കൂൾ തുറക്കുന്ന കാലമായതിനാൽ ടെക്‌സ്റ്റൈൽസിൽ വലിയ രീതിയിൽ സ്‌റ്റോക്കുണ്ടായിരുന്നു. രണ്ടു നിലയുള്ള കോപ്ലംക്സിൽ അമ്പതോളം കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വൻഅത്യാഹിതം ഒഴിവായി.
2007 ഏപ്രിലിൽ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ ഏട്ടുപേർ മരിച്ച ദുരന്തത്തിനുശേഷം കോഴിക്കോട് നഗരത്തിലുണ്ടായ വൻ തീപിടിത്തമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |