തിരുവനന്തപുരം: നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. നഗരൂർ, കല്ലമ്പലം റോഡിൽ പ്രവർത്തിക്കുന്ന എം.ടി കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിച്ചത്. വൈകിട്ട് അഞ്ച് മണിയോയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉടമകൂടിയായ നഗരൂർ പേരകത്ത് വീട്ടിൽ നസീം (58) നിലത്തുവീണ് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് കെട്ടിടത്തിലെ മുകളിലത്തേയും താഴത്തേയും നിലകളിലേക്ക് തീ പടർന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജിമ്മിലും ഗ്രൗണ്ട് ഫ്ലോറിലും തൊട്ടുമുകളിലുമുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. സമീപത്ത് കെ.എസ്.എഫ്.ഇ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടേയ്ക്ക് തീ പടർന്നില്ല.
അതേസമയം, കെട്ടിടത്തിന്റെ സമീപത്തുള്ള ഗ്യാസ് ഏജൻസിയിലുണ്ടായിരുന്ന സിലണ്ടറുകൾ നഗരൂരിലെ ഓട്ടോ തൊഴിലാളികൾ സ്ഥലത്തുനിന്ന് മാറ്റി. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നാവായിക്കുളം, കടയ്ക്കൽ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ സംഘം ഏറെ പണിപ്പെട്ട് 6.30ഓടെ തീ അണച്ചു. കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ പ്രാഥമികമായി ഉണ്ടാകേണ്ട ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന് കാരണം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരുകോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |