ഉദിയൻകുളങ്ങര: കാഡ പദ്ധതി നിലച്ചതോടെ ഗ്രാമീണ വയലേലകൾ നശിക്കുന്നു.
കമാന്റ് ഏരിയ ഡെവലപ്പ്മെന്റ് അതോറിട്ടി (കാഡ) നിർമ്മിച്ച ഓടകൾ പദ്ധതി നിലച്ചതോടെ ജലമെത്തിക്കാനായി സർക്കാർ ഏറ്റെടുത്ത ഭൂമി ഹെക്ടർ കണക്കിന് സമീപത്തെ വസ്തു ഉടമകൾ കൈക്കലാക്കി.
നെയ്യാറ്റിൻകര താലൂക്കിലെ കൃഷിക്ക് സഹായകമായി 35 വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ ഗ്രാമീണജലസേചന പദ്ധതി പ്രദേശങ്ങൾ പലതും ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കൈകളിലായ അവസ്ഥയിലാണ്.
നെയ്യാർ ഡാമിൽ നിന്ന് വെള്ളം ഇടതു കനാൽ വഴി ചാനലുകളിലൂടെ ഒഴുക്കിവിട്ട് കാഡയുടെ കോൺക്രീറ്റ് ഓടവഴി കുളങ്ങളിലേക്കും വയലുകളിലേക്കും കൊണ്ടുപോകുന്നതായിരുന്നു പദ്ധതി. വെള്ളം പാഴായി പോകാതെ പാടങ്ങളിലെത്തിക്കാനുള്ള കാഡ പദ്ധതി അന്ന് വലിയ അനുഗ്രഹമായിരുന്നു. പക്ഷേ ഇന്ന് കാഡയുടെ കോൺക്രീറ്റിൽ തീർത്ത ഓടകൾ നശിപ്പിച്ചും മണ്ണുകൊണ്ട് നികത്തിയും വസ്തുവിനൊപ്പം ഓടകൾ ഉണ്ടായിരുന്ന സ്ഥലം കൈക്കലാക്കിയ അവസ്ഥയിലാണ്.
പാടങ്ങളിൽ വെള്ളമെത്തിക്കാനാകാതെ
നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിൽ കാഡയുടെ ഓടകൾ നശിപ്പിച്ചതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയിൽ മൈനർ ഇറിഗേഷൻ നെയ്യാറ്റിൻകര ഓഫീസ് നടപടി സ്വീകരിച്ചിട്ടില്ല.
നെൽകൃഷി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുമ്പോൾ പാടങ്ങളിൽ എങ്ങനെ വെള്ളമെത്തിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണ് കൃഷിഭവൻ ഉദ്യോഗസ്ഥർ. കോടികൾ ചെലവിട്ട് നിർമ്മിച്ച ഓട പലയിടത്തും അപ്രത്യക്ഷമായി. മൂന്ന് അടി വീതിയിൽ വസ്തു സർക്കാർ തുക നൽകി സ്വന്തമാക്കിയ ശേഷം നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് ഓടയാണ് വ്യക്തികൾ സ്വന്തമാക്കിയത്.
കാഡ പദ്ധതി
1979-ൽ കേന്ദ്ര ഗവൺമെന്റ് തുടങ്ങിവച്ച പദ്ധതിയാണ് കാഡ. ജലസേചന പദ്ധതികളിൽ കർഷകരെ ലക്ഷ്യം വെച്ചുള്ളവയായിരുന്നു. മറ്റ് ജലസംഭരണികളിൽ നിന്നും ജലമെത്തിച്ച് വയലുകളിൽ രക്ഷയ്ക്ക് ഉപയോഗിച്ച ശേഷം മണ്ണിൽ വറ്റിപ്പോകുന്നതിനാൽ ഇത് തടയൽ ലക്ഷ്യം വെച്ചായിരുന്നു കാഡ പദ്ധതി കൊണ്ടുവന്നത്.
കൃഷിപ്പാടങ്ങൾ ലക്ഷ്യം
വയ്ക്കുന്ന ഭൂമാഫിയകളും
കൃഷിപ്പാടങ്ങൾ നികത്തി കരഭൂമിയാക്കി വീടുകൾ നിർമ്മിക്കുന്ന ഒരുകൂട്ടം ഭൂമാഫിയകൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗ്രാമങ്ങളിലെ കൃഷിപ്പാടങ്ങൾ ലക്ഷ്യമിട്ട് നെയ്യാറ്റിൻകര പ്രദേശത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |