ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ബിസിനസുകാരൻ അറസ്റ്റിൽ. റാംപൂർ സ്വദേശിയായ ഷഹ്സാദാണ് ഇന്നലെ അറസ്റ്റിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാക്സ് ഫോഴ്സാണ് മൊറാബാദിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ ഇന്റർ - സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) വേണ്ടി അതിർത്തി കടന്നുള്ള കള്ളക്കടത്തിലും ചാരവൃത്തിയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്ര പ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് കെെമാറിയെന്ന് പൊലീസ് പറയുന്നു. ഷഹ്സാദ് പലതവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ട്. ഈ യാത്രക്കളുടെ മറവിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ നിയമവിരുദ്ധമായി കടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കള്ളക്കടത്തിന്റെ മറവിൽ പ്രതി ഐഎസ്ഐ പ്രവർത്തകരുമായി അടുത്തബന്ധം സ്ഥാപിച്ചു. ഇന്ത്യയിലുള്ള ഐഎസ്ഐ ഏജന്റുമാർക്ക് ഷഹ്സാദ് പണവും ഇന്ത്യൻ സിം കാർഡും നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റാംപൂർ ജില്ലയിൽ നിന്നും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഐഎസ്ഐക്ക് വേണ്ടി ഷഹ്സാദ് ആളുകളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായും പൊലീസ് പറയുന്നു.
രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ ചാരപ്രവർത്തനം നടത്തുന്നവരെ പിടികൂടാനുള്ള ശ്രമത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. ഓപ്പറേഷൻ സിന്ദൂറിനിടെ സേനാരഹസ്യങ്ങൾ ചോർത്താനും വ്യാജ പ്രചാരണം നടത്താനും ഇന്ത്യയ്ക്കകത്ത് നീക്കം നടന്ന പശ്ചാത്തലത്തിലാണ് നടപടി. ഭീകര പ്രവർത്തനത്തിന് ചാലകശക്തിയായി പ്രവർത്തിച്ച 10 പേരെ രാജ്യത്തിനകത്തുനിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. അതത് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണത്തോടെയാണ് നടപടികൾ.
ചാരവൃത്തിക്ക് സോഷ്യൽ മീഡിയയും പാകിസ്ഥാൻ ആയുധമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്. മൽഹോത്ര മറ്റു ചില വ്ളോഗർമാരെയും ഇതിനായി പ്രേരിപ്പിച്ചെന്നാണ് വിവരം. ഒഡീഷയിലെ പുരിയിലുള്ള വനിതാ വ്ളോഗറും നിരീക്ഷണത്തിലാണ്. പാക് ചാര ഏജൻസി പല വ്ളോഗർമാരെയും നേരിട്ട് ബന്ധപ്പെട്ടെന്നാണ് ജ്യോതിയെ ചോദ്യം ചെയ്യുന്ന ഹിസാർ പൊലീസിന്റെ വെളിപ്പെടുത്തൽ. പൊലീസ് ജ്യോതിയുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |