
കാരക്കാസ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തിനെതിരെ നടത്തിയ പ്രസ്താവനയെ അപലപിച്ച് വെനസ്വേല. വെനസ്വേലയ്ക്ക് മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചതായി എല്ലാവരും കണക്കാക്കണമെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
തങ്ങളുടെ ജനതയ്‌ക്കെതിരായ അതിരുകടന്നതും നിയമവിരുദ്ധവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് ട്രംപിന്റെ പ്രതികരണമെന്ന് വെനസ്വേലൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ട്രംപ് കൊളോണിയൽ ഭീഷണികൾ മുഴക്കുകയാണെന്നും പറഞ്ഞു.
മയക്കുമരുന്ന് കടത്തിന്റെ പേരിൽ വെനസ്വേലയ്ക്ക് മേൽ യു.എസ് പിടിമുറുക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. വെനസ്വേലയിൽ സൈനിക നടപടിക്കുള്ള നീക്കമാണോ ട്രംപ് സൂചിപ്പിച്ചതെന്ന അഭ്യൂഹം ശക്തമാണ്. വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതെന്ന് കാട്ടി നിരവധി ബോട്ടുകളെ യു.എസ് കരീബിയൻ കടലിൽ തകർത്തിരുന്നു. 80ലേറെ പേരെ വധിച്ചു.
അതേ സമയം, പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് യു.എസിന്റെ നീക്കങ്ങളെ വെനസ്വേല വിലയിരുത്തുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 കോടി ഡോളറാണ് യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. വിമാനവാഹിനിയായ യു.എസ്.എസ് ജെറാൾഡ് ഫോർഡും 15,000 സൈനികരും അടക്കം യു.എസിന്റെ നാവിക സന്നാഹം വെനസ്വേലയ്ക്ക് സമീപം കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |