കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് കോംപ്ളക്സിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടോയെന്നതിൽ അന്വേഷണം. തീ ആദ്യം പടർന്നെന്നുകരുതുന്ന ടെക്‌സ്റ്റൈൽസിലെ വ്യാപാര പങ്കാളികൾ തമ്മിൽ ഒന്നരമാസം മുമ്പ് സംഘർഷമുണ്ടായിരുന്നതായി വിവരം. നിലവിൽ കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിലുള്ളതാണ് ടെക്സ്‌റ്റൈൽസ്. ഇതിന്റെ മുൻ പങ്കാളിയായിരുന്നു പ്രകാശൻ.
പ്രകാശനും മുകുന്ദനും തെറ്റിപ്പിരിഞ്ഞു. പിന്നീട് പ്രകാശൻ മറ്റൊരു ടെക്സ്‌റ്റൈൽസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രകാശൻ മുകുന്ദനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. കേസിൽ പ്രകാശൻ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. ഇരുവരും തമ്മിലുള്ള തർക്കമാണോ ഇന്നലത്തെ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. കരിപ്പൂർ എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം എത്തി, അഞ്ചര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തിൽ കോടികളുടെ നഷ്ടമാണുണ്ടായത്. ഒഴിവുദിവസം ആയതിനാൽ ആളപായമുണ്ടായില്ല.
സ്‌കൂൾ തുറക്കുന്ന കാലമായതിനാൽ ടെക്സ്‌റ്റൈൽസിൽ വലിയ രീതിയിൽ സ്‌റ്റോക്കുണ്ടായിരുന്നു. രണ്ടു നിലയുള്ള കോപ്ലംക്സിൽ അമ്പതോളം കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. 2007 ഏപ്രിലിൽ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ ഏട്ടുപേർ മരിച്ച ദുരന്തത്തിനുശേഷം കോഴിക്കോട് നഗരത്തിലുണ്ടായ വൻ തീപിടിത്തമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |