കൊച്ചി: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാലികയെ തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പൊലീസിന് കൈമാറി. എറണാകുളം നഗരത്തിൽ തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. നിരവധി കേസുകളിലെ പ്രതി കത്രിക്കടവ് സി.ബി.ഐ റോഡ് പാലത്തുരത്ത് ഹൗസിൽ കെ.പി. പ്രവീണിനെയാണ് (25) നാട്ടുകാർ പിടിച്ച് കടവന്ത്ര പൊലീസിന് കൈമാറിയത്.
കമ്മട്ടിപ്പാടത്ത് താമസിക്കുന്ന ബിഹാർ ദമ്പതികളുടെ കുട്ടിക്ക് നേരെയായിരുന്നു പീഡനശ്രമം. എട്ട് വയസുള്ള ബാലിക വീട്ടുവളപ്പിൽ തനിച്ച് കളിക്കുകയായിരുന്നു. മാതാപിതാക്കൾ ഇളയ കുട്ടിയുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് അതിക്രമിച്ച് കടന്ന പ്രതി കുട്ടിയുടെ വാപൊത്തിപ്പിടിച്ച് വീടിന് പിൻവശത്തെ ബാത്ത്റൂമിൽ കയറി കുറ്റിയിട്ടു. കുതറിമാറാൻ ശ്രമിച്ച ബാലിക പ്രതിയുടെ കൈതട്ടി മാറ്റി ഉറക്കെ നിലവിളിക്കുന്നത് കേട്ട് സമീപവാസികൾ ഓടിയെത്തിപ്പോൾ പ്രവീൺ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കാർ കീഴ്പ്പെടുത്തി കെട്ടിയിട്ടു. തുടർന്ന് കടവന്ത്ര പൊലീസ് എത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കടവന്ത്ര സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ കവർച്ചാകേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടവന്ത്ര എസ്.എച്ച്. ഒ പി.എം. രതീഷ്, എസ്.ഐമാരായ ഷാഹിന, ബി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |