തിരുവനന്തപുരം:തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി,സംസ്ഥാനത്ത് തുടർഭരണം നേടിയ സർക്കാർ തുടങ്ങിയ ഖ്യാതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേക്ക് .തുടർഭരണം കൂടി കണക്കിലെടുത്താൻ പത്താം വർഷത്തിലേക്ക്.അതൊരു റെക്കാഡാണ്.
നാലാം വാർഷികം വിപുലമായി ആഘോഷിച്ച് ജനങ്ങൾക്ക് മികച്ചൊരു ഓർമ്മപ്പെടുത്തലും അനുഭവവും നൽകി മൂന്നാം തുടർ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.കഴിഞ്ഞമാസം 21ന് തുടങ്ങിയ വാർഷികാഘോഷങ്ങൾക്കിടയിൽ ഇന്ത്യ പാക് സംഘർഷം പ്രതിസന്ധിയായെങ്കിലും സാഹചര്യം മെച്ചപ്പെട്ടതോടെ വീണ്ടും ആഘോഷത്തിലേക്ക് മാറി. ഈ മാസം അവസാനം തിരുവനന്തപുരത്താണ് സമാപനം.അഞ്ചാം വർഷം തിരഞ്ഞെടുപ്പ് വർഷമെന്ന സവിശേഷതയുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞടുപ്പും .അതേസമയം അടുത്ത ഭരണം പിടിക്കാനൊരുങ്ങുന്ന പ്രതിപക്ഷം ഇന്ന് കരിദിനമായി ആചരിക്കുകയാണ്.
സർക്കാരിന്റെ നേട്ടങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ട പൂർത്തീകരണം, ആറുവരി ദേശീയപാതയുടെ പുരോഗതി,സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി വിതരണം എന്നിവയുണ്ട്. എന്നാൽ, സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങളും, ശമ്പള പരിഷ്ക്കരണ കുടിശികയും നൽകാനാകാത്തത് ക്ഷീണമായി.ആശാ വർക്കർമാരുടെ സമരം
തുടരുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിച്ചു.പി.എസ്.സി.റാങ്ക് ഹോൾഡേഴ്സ് സമരം, പാലക്കാട് ബ്രൂവറി,മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസ്,മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ അന്വേഷണം,പൂരം കലക്കൽ വിവാദം,യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ രക്ഷാ പ്രവർത്തന അക്രമം,കെ.റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി ഏറ്റെടുക്കൽ വിവാദം എന്നിവ തിരിച്ചടിയായി.
മുണ്ടക്കൈ,ചൂരൽമല ഉരുൾ പൊട്ടലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാക്കിയ പ്രതിസന്ധി സർക്കാരിന് മികച്ച പ്രകടനത്തിന് വിലങ്ങായി. ഉറച്ച ഭരണം,വികസനത്തിന് അനുകൂല സാഹചര്യം,സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് അടുക്കാനുള്ള ശ്രമം, ക്ഷേമപെൻഷൻ വിതരണം നടത്താൻ കഴിയുന്ന ഏക സർക്കാർ .ഈ വിശേഷണങ്ങൾ മൂന്നാം വട്ടത്തിനും വഴിയൊരുക്കുമെന്ന പ്രതീക്ഷയോടെയാണ് ക്യാപ്റ്റൻ പിണറായി വിജയനെ മുൻനിറുത്തിയുള്ള ഇടതു മുന്നണിയുടെ അണിയറ നീക്കങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |