തിരുവനന്തപുരം: വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുമാസം പ്രവേശിക്കരുതെന്നതടക്കമുള്ള കർശന നിബന്ധനകളോടെ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസിന് ജാമ്യം. ഇന്നലെ പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി (12) കർശന ജാമ്യം അനുവദിച്ചത്. ജൂനിയർ അഭിഭാഷക ജെ.വി. ശ്യാമിലിയെ മർദ്ദിച്ച കേസിലാണ് ബെയ്ലിൻ അറസ്റ്റിലായത്.
കുറ്റപത്രം ഫയൽ ചെയ്യുന്നതുവരേയോ രണ്ടു മാസത്തേക്കോ വഞ്ചിയൂരിൽ പ്രവേശിക്കരുത്. അതുവരെ വഞ്ചിയൂർ കോടതിയിലോ വക്കീൽ ഓഫീസിലെ ബെയ്‌ലിന് കയറാനാകില്ല. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഇന്നലെ ഉച്ചയോടെ ജാമ്യം അനുവദിച്ചത്. ഇരയുമായി ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളും കോടതി നൽകിയിട്ടുണ്ട്.
ബെയ്ലിൻ റിമാൻഡിലായതിന് പിന്നാലെ കേസ് കേട്ടത് ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) ആയിരുന്നു. എന്നാൽ ജഡ്‌ജി അവധിയിൽ പോയതിന് പിന്നാലെ കേസ് ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി (12) കേസ് പരിഗണിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള ഗുരുതരകുറ്റമാണ് പ്രതി ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്നതൊന്നും കേസിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ചെയ്യാത്ത കുറ്റം ഏറ്റെടുക്കില്ലെന്ന് ബെയ്‌ലിൻ
പുറത്തിറങ്ങിയ ബെയ്‌ലിൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് ആക്രോശിച്ചാണ് മറുപടി നൽകിയത്. ജൂനിയർ അഭിഭാഷകയെ മർദ്ദിച്ചിട്ടില്ലെന്നും ചെയ്യാത്ത കുറ്റം ഏറ്റെടുക്കില്ലെന്നും ബെയ്ലിൻ പറഞ്ഞു. 'ആൾ ജാമ്യത്തിൽ കോടതി വിട്ടത് എന്തും പറയാനല്ല. നിരപരാധിത്വം തെളിയിക്കും. മുകളിലിരുന്ന് എല്ലാം ഒരാൾ കാണുന്നുണ്ട്"- ബെയ്ലിൻദാസ് പറഞ്ഞു. ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് കേസിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളെയടക്കം എല്ലാവരെയും പുറത്തുകൊണ്ടുവരുമെന്നും ബെയ്ലിൻ രോഷാകുലനായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |