'ശബ്ദമൊന്നും കേട്ടിരുന്നില്ല, റോഡിന്റെ ആ രൂപം കണ്ടപ്പോൾ ഭൂകമ്പമാണെന്ന് കരുതി. റോഡ് വിണ്ടുകീറി ഞങ്ങളുടെ അടുത്തേക്ക് വരികയാണ്. ഭയങ്കരമായി പേടിച്ചു. ഒപ്പമുണ്ടായിരുന്ന മകൻ ഇതുകണ്ടതോടെ കരഞ്ഞു. കാർ നിർത്തി റിവേഴ്‌സെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടുന്നതാണ് കണ്ടത്'... മലപ്പുറം കൂരിയോട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയപാത ഇടിഞ്ഞുവീണപ്പോൾ സർവീസ് റോഡിലുണ്ടായിരുന്ന വാഗൺആർ കാർ ഓടിച്ച ജിജി രഘുവിന്റെ വാക്കുകളാണിത്. സിബിഎസ്ഇ പരീക്ഷയിൽ മകൻ തേജസ് നേടിയ ഉന്നത വിജയം ആഘോഷിക്കാൻ കോഴിക്കോട്ടെ വീട്ടിൽ എത്തി എറണാകുളത്തേക്ക് മടങ്ങുമ്പോഴായിരുന്നു ഈ സംഭവത്തിന് ജിജി സാക്ഷിയാകുന്നത്.
ജിജിയും മകനും മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കൂരിയാടിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് സർവീസ് റോഡിലൂടെ മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതവും പേടിപ്പെടുത്തുന്നതുമായ അപകടം നടക്കുന്നത്. ജീവൻപോലും നഷ്ടപ്പെടുമെന്ന് തോന്നിയ ആ നിമിഷത്തെക്കുറിച്ച് ജിജി കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
'സർവീസ് റോഡിലൂടെ പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. മുന്നിലൂടെ പോകുകയായിരുന്ന കാറിന്റെ മുകളിലേക്ക് കല്ലുകൾ പതിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ഇതോടെ റിവേഴ്സ് ഗിയറിട്ട് ഞാൻ വണ്ടി പുറകിലോട്ട് എടുത്തു. എന്നാൽ എന്റെ പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ഡോർ തുറന്ന് ഇറങ്ങിയോടി. ഇതോടെ എനിക്ക് റിവേഴ്സ് എടുക്കാൻ പറ്റാതെയായി. പിന്നെ നോക്കിയപ്പോൾ കണ്ടത് എന്റെ കാറിന്റെ വലതുഭാഗത്ത ടയർ റോഡിലെ കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതാണ്. പിന്നെ എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. അപകടം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കാറുകളിലുള്ള മൂന്ന് നാല് പേർ മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ. അവർ ഞങ്ങളോട് വേഗം രക്ഷപ്പെടാൻ പറയുന്നുണ്ടായിരുന്നു.
കാറിൽ എസിയിട്ട് ഗ്ലാസ് അടച്ചുവച്ചാണ് ഞങ്ങൾ വന്നത്. പാട്ടും വച്ചിരുന്നു. അതുകൊണ്ട് വലിയ ശബ്ദമൊന്നും കേട്ടില്ല. അപ്പോഴത്തെ റോഡിന്റെ ഘടന കണ്ടിട്ട് ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയത്. റോഡ് വിണ്ടുകീറി ഞങ്ങളുടെ അടുത്തേക്ക് വരികയാണ്. ഏറ്റവും മുകളിലത്തെ ഭാഗത്ത് നിന്നായിരുന്നില്ല ഇടിഞ്ഞു വീണത്. മദ്ധ്യഭാഗത്തെ കല്ലുകളാണ് ആദ്യം ഇടിഞ്ഞത്. മകന്റെ സിബിഎസ്ഇ പരീക്ഷ വിജയം അറിയിക്കാൻ വേണ്ടിയാണ് കോഴിക്കോട്ടെ വീട്ടിൽ വന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു എറണാകുളത്തേക്ക് പുറപ്പെട്ടത്.
ആ കാഴ്ച നേരിൽ കണ്ടതോടെ മകൻ ഉച്ചത്തിൽ കരഞ്ഞു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെടുന്നത്. ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളവർക്കാണ് കൂടുതൽ പരിക്കേറ്റത്. ആ കാറിലുള്ള ഒരു കുട്ടിയുടെ മുഖത്തൊക്കെ പരിക്കേറ്റിട്ടുണ്ട്. ആ കാഴ്ച കണ്ടപ്പോൾ സങ്കടം തോന്നി. ഇത് കണ്ടപ്പോഴാണ് എന്റെ മകൻ പേടിച്ചുപോയത്. എനിക്കും മകനും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
പേടിച്ച് വിറച്ച മകൻ പപ്പയെ കാണണമെന്നും ഇപ്പോൾ തന്നെ എറണാകുളത്തേക്ക് പോകണമെന്നും പറഞ്ഞപ്പോൾ പൊലീസ് ഉദ്യോഗസ്ഥരാണ് അവിടെ നിന്നും കാർ മാറ്റിത്തന്നത്. താഴ്ന്നുപോയ ടയർ കൈ കൊണ്ട് പൊക്കിയെടുത്താണ് പൊലീസുകാർ വാഹനം എടുത്തത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും എല്ലാവിധത്തിലുള്ള സഹായവും ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമുണ്ടായിരുന്നു. കാസർകോട് മുതൽ കന്യാകുമാരി വരെ മനോഹരമായ റോഡാണ് ഇപ്പോൾ പണിഞ്ഞുകൊണ്ടിരിക്കുന്നത്. എന്ത് മനോഹരമാണ് ആ റോഡിലൂടെ സഞ്ചരിക്കാൻ. അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എത്ര നല്ലതായിരിക്കും'- ജിജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |