വമ്പന്മാരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി, അവ കോടികൾ കോഴവാങ്ങി ഒതുക്കിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെതിരേ കേസെടുത്തിരിക്കുകയാണ് വിജിലൻസ്. കൊച്ചി ഇ.ഡി യൂണിറ്റിലെ ഒരു വിഭാഗം ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർ നൂറു മുതൽ അഞ്ഞൂറ് കോടിവരെയുള്ള കള്ളപ്പണ ഇടപാടുകൾ പണംവാങ്ങി ഒതുക്കിയെന്നാണ് വിജിലൻസ് പറയുന്നത്. കൊട്ടാരക്കരയിലെ കശുവണ്ടി കയറ്റുമതി വ്യാപാരിയിൽ നിന്ന് രണ്ടുകോടി കൈക്കൂലി വാങ്ങിയതിന് ഒരു ഇ.ഡി ഉദ്യോഗസ്ഥനെയും 3 ഇടനിലക്കാരെയും പ്രതിയാക്കിയിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റുമാരടക്കം 18 ഏജന്റുമാരെ ഉപയോഗിച്ചാണ് കോഴയിടപാടുകളെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കോഴയിടപാടുകൾക്കായി കൊച്ചിയിൽ രണ്ട് ഫ്ലാറ്റുകളുണ്ടെന്നും തിരുവനന്തപുരത്ത് രണ്ട് റിസോർട്ടുകൾക്ക് ഭൂമി വാങ്ങാൻ ശ്രമിച്ചതിന് തെളിവുണ്ടെന്നും വിജിലൻസ് പറയുന്നു. എന്നാൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഏജൻസിയെ പൂട്ടാനാണ് വിജിലൻസിനെ സർക്കാർ ഉപയോഗിക്കുന്നതെന്നാണ് വിമർശനം.
സർക്കാരും ഇ.ഡിയും തമ്മിലുള്ള പോരിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി. നിർബന്ധിക്കുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന കണ്ടെത്തുകയായിരുന്നു ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ ചുമതല. കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെത്തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സെപ്തംബറിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. അനുകൂല വിധി നേടിയെങ്കിലും ഇ.ഡി സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ നേടി. 2023 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കമ്മിഷനായി അന്നുവരെ 83.76 ലക്ഷംരൂപ ചെലവായതായി വ്യക്തമാക്കിയിരുന്നു. കമ്മിഷൻ എന്ന നിലയിൽ ജസ്റ്റിസ് വി.കെ. മോഹനൻ ശമ്പളം കൈപ്പറ്റുന്നില്ലെങ്കിലും ഓഫീസ് ജീവനക്കാരുടെ ശമ്പളമുൾപ്പെടെ സർക്കാർ നൽകുന്നുണ്ട്. അന്ന് സ്വർണക്കടത്തു കേസ് അന്വേഷിച്ച ഇ.ഡി.-കസ്റ്റംസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലംമാറ്റം ലഭിച്ച് സംസ്ഥാനം വിട്ടുപോയ സ്ഥിതിയുമാണ്.
ഇ.ഡിക്കെതിരേ അന്വേഷണത്തിന് സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് അവരുടെ വാദം. ഇ.ഡി. രേഖപ്പെടുത്തുന്ന മൊഴികൾ ഭരണഘടനയുടെ 20(3) അനുച്ഛേദ പ്രകാരമുള്ള (കുറ്റാരോപിതനെ തനിക്കെതിരേ സാക്ഷി പറയുന്നതിന് നിർബന്ധിക്കുന്നത്) സംരക്ഷണത്തെ ബാധിക്കില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്ഷൻ-67പ്രകാരം ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. ജുഡീഷ്യൽ അന്വേഷണ കമ്മിഷന് സിവിൽ കോടതിയുടെ അധികാരമാണുള്ളത്. അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്കു പോലും പരിമിതമായ അധികാരമാണുള്ളത്. ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകാതെ ശരിതെറ്റുകൾ കണ്ടെത്താൻ കമ്മിഷനെ നിയോഗിക്കുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണ്. ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റിൽ ഉൾപ്പെട്ട കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രവിഷയമാണ്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ. ആർ) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടതോടെ, ഉന്നതർക്കെതിരെ ശക്തവും രഹസ്യാത്മകവുമായ അന്വേഷണത്തിന് ഇ.ഡിക്ക് കഴിയും.
സർവാധികാരിയായി
എൻഫോഴ്സ്‌മെന്റ്
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിശാലമായ അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ, അറസ്റ്റ്, കണ്ടുകെട്ടൽ, പരിശോധന നടത്തി പണം പിടിച്ചെടുക്കൽ നടപടികൾ ഇ.ഡി ശക്തമാക്കും. ഓരോ കേസിലും വ്യക്തികൾക്ക് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) നൽകണമെന്ന് നിർബന്ധമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ഇ.ഡി. ഉദ്യോഗസ്ഥർ പൊലീസല്ല. ഇ.സി.ഐ.ആറിന് പൊലീസിന്റെ എഫ്.ഐ.ആറുമായി ബന്ധമില്ല. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിച്ചട്ടങ്ങൾ ഇ.സി.ഐ.ആറിനില്ല. അത് ഇ.ഡി.യുടെ ആഭ്യന്തരരേഖ മാത്രമാണ്. അതിനാൽ പ്രതിക്ക് ഇ.സി.ഐ.ആർ. നൽകണമെന്ന് നിർബന്ധമില്ല.- ഇതാണ് ഉത്തരവ്. ഇതോടെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഒരാൾ യഥാസമയം അറിയണമെന്നില്ല. അറസ്റ്റ് വേളയിൽ കാരണങ്ങൾ വ്യക്തമാക്കിയാൽ മതി.
ആരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ ഇ.ഡിക്ക് അധികാരം നൽകുന്ന അമ്പതാം വകുപ്പും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴികൾ കോടതിക്ക് സ്വീകരിക്കാം. തെറ്റായവിവരം നൽകിയാൽ ശിക്ഷ ലഭിക്കുമെന്നതിനെ, മൊഴി നൽകാൻ നിർബന്ധിക്കലായി കണക്കാക്കാനാവില്ല. അറസ്റ്റ് ചെയ്തയാളെ ഹാജരാക്കുമ്പോൾ ഇ.ഡി. നൽകുന്ന രേഖകൾ കോടതിക്ക് പരിശോധിച്ച് അയാളെ വീണ്ടും തടവിൽ വയ്‌ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം- ഇതാണ് സുപ്രീംകോടതി പറഞ്ഞത്.
അന്വേഷണങ്ങൾ മുടക്കിയത്
ഇ.ഡിയെന്ന് സർക്കാർ
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങളെ തടസപ്പെടുത്തുന്നത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണെന്നാണ് (ഇ.ഡി) മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. സർക്കാരിന്റെ നേതൃത്വത്തിലുള്ളവരെക്കുറിച്ച് പറയാൻ സ്വർണക്കടത്ത് പ്രതികളെ നിർബന്ധിച്ചെന്ന ശബ്ദസന്ദേശം പുറത്തുവന്നപ്പോഴായിരുന്നു അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. പൊതുസമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വെളിപ്പെടുത്തലായിരുന്നു ഇത്. കേന്ദ്ര ഏജൻസികൾ ചില ലക്ഷ്യങ്ങളോടെയാണ് നീങ്ങുന്നത്. ഇ.ഡി അടക്കമുള്ള ഏജൻസികൾ കൽപ്പിത കഥകൾ മെനയുന്നു. ഗുരുതരമായ രാജ്യദ്റോഹം ഉൾപ്പെടെയുള്ള കേസുകളിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ അന്വേഷണ ഏജൻസികളുടെയും മറ്റും നിർദ്ദേശാനുസരണം കഥകളുണ്ടാക്കി മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്- ഇതാണ് സർക്കാർ വാദം.
വിജിലൻസിനോട് തെളിവ്
ആവശ്യപ്പെട്ട് ഇ.ഡി
കേരളത്തിലെ വിജിലൻസ് ഇ.ഡി ഉന്നത ഉദ്യോഗസ്ഥനെതിരേ അടക്കം കേസെടുത്തത് ദേശീയതലത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാറിനെതിരെയടക്കം രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ ഇ.ഡി വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥനെതിരെ കേസെടുക്കാനുള്ള സാഹചര്യങ്ങൾ, പ്രാഥമിക വിവരങ്ങൾ എന്നിവയാണ് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് നിന്ന് വിജിലൻസിനോട് ആവശ്യപ്പെട്ടത്. സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തുന്നത് സ്വാഗതം ചെയ്യുന്നു. നിയമപരമായ അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. അഴിമതിയോട് തെല്ലും വിട്ടുവീഴ്‌ച പുലർത്തില്ല. വിജിലൻസിൽ പരാതി നൽകിയ കൊട്ടാരക്കര സ്വദേശി അനീഷ് ബാബുവിന്റെ ആരോപണങ്ങൾ പരസ്‌പര വിരുദ്ധമാണ്. പലതും മാറ്റിപ്പറയുകയും ചെയ്‌തു. കള്ളപ്പണക്കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും നിയമനടപടികൾ തടസപ്പെടുത്താനുമാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മന:പൂർവം ആരോപണങ്ങൾ ഉന്നയിക്കുന്നത്. 24.73 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പ്രതിയായ അനീഷ് ബാബു ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി വിശ്വസിച്ചാണ് വിജിലൻസ് നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |