തൃശൂർ: ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനിസഭാ മുൻ മേലദ്ധ്യക്ഷൻ ഡോ.മാർഅപ്രേം മെത്രാപ്പൊലീത്ത (85) കാലം ചെയ്തു.
ഇന്നും നാളെയും മാർത്ത് മറിയം വലിയ പള്ളിയിൽ പൊതുദർശനം നടക്കും. വ്യാഴാഴ്ച രാവിലെ കുർബാന, ശുശ്രൂഷ, നഗരികാണിക്കൽ എന്നിവയ്ക്കു ശേഷം ഒരുമണിയോടെ കുരുവിളയച്ചൻ പള്ളിയിലാണ് സംസ്‌കാരശുശ്രൂഷ.
54 വർഷം ആർച്ച് ബിഷപ്പായിരുന്നു. 2022ൽ ആർച്ച് ബിഷപ് പദവിയൊഴിഞ്ഞശേഷം ഹൈറോഡിലെ കൽദായ അരമനയിൽ വിശ്രമത്തിലായിരുന്നു.
തൃശൂരിന്റെ പൗരോഹിത്യ - സാംസ്‌കാരികമുഖമായിരുന്ന മാർ അപ്രേം ഇതര സഭകളുടെയും സമുദായങ്ങളുടെയും സുഹൃത്തായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. പ്രഭാഷണങ്ങളിൽ നർമ്മമായിരുന്നു സവിശേഷത. മാർത്തോമ്മാ സഭയിലെ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് പിന്നിൽ മെത്രാപ്പൊലീത്തൻ പദവിയുടെ റെക്കാഡിൽ രണ്ടാമനാണ്. പദവി ഒഴിഞ്ഞതോടെ പാത്രിയാർക്കൽ പ്രതിനിധിയായും വലിയ പിതാവായും തുടർന്നു.
1940 ജൂൺ 13ന് ജനിച്ച മാർ അപ്രേം 1968ൽ 28-ാം വയസിലാണ് എപ്പിസ്‌കോപ്പ (മെത്രാൻ) ആയത്. അതേ വർഷം മെത്രാപ്പൊലീത്തയുമായി. 2015ൽ ആറുമാസം ആഗോള കൽദായ സഭയുടെ മുഴുവൻ ചുമതലയുള്ള പാത്രിയാർക്കൽ വികാർ ആയി.
ദൈവദശകം പരിഭാഷപ്പെടുത്തി
ശ്രീനാരായണഗുരുദേവകൃതികൾ ആഴത്തിൽ പഠിച്ച മാർ അപ്രേം ദൈവദശകം സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തുകയും ഷാർജയിലെ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രഭാഷണങ്ങളിൽ ഗുരുദേവ ദർശനങ്ങൾ ഉൾക്കൊള്ളിക്കാറുണ്ട്. അപൂർവവും പുരാതനവുമായ സുറിയാനി ലിഖിതങ്ങളുടെ വിപുലശേഖരവും സ്വന്തമായുണ്ട്.
വിശുദ്ധ ഫലിതങ്ങൾ, ബിഷപ്‌സ് ജോക്‌സ്, ലാഫ് വിത്ത് ദ ബിഷപ് എന്നീ നർമശേഖരങ്ങൾ ശ്രദ്ധേയമായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി.
ജബൽപൂരിലെ ലോണാഡ് തിയോളജിക്കൽ കോളേജിൽനിന്ന് 1961ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1965ൽ വൈദിക പട്ടം സ്വീകരിച്ച ശേഷം ബംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽനിന്നും ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്നും സഭാചരിത്രത്തിൽ രണ്ട് ബിരുദാനന്തര ബിരുദങ്ങൾ നേടി.
പിഎച്ച്.ഡി ഗവേഷണം തുടരുന്നതിനിടെ 1968ൽ തൃശൂരിലെത്തി സഭാഭരണം ഏറ്റെടുത്തു. 1976–ൽ സെറാംപുർ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 2002ൽ എം.ജി സർവകലാശാലയിൽ നിന്ന് സുറിയാനി സാഹിത്യത്തിൽ രണ്ടാമത്തെ പിഎച്ച്.ഡിയെടുത്തു.
ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യ പേര്. തൃശൂർ സി.എം.എസ് എൽ.പി, കാൽഡിയൻ സിറിയൻ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |