തിരുവനന്തപുരം: ദേശീയപാത 66 നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ പലയിടത്തും തകർന്നതിൽ ആശങ്ക. ശക്തമായ ഒരു മഴ പെയ്തപ്പോഴാണ് മലപ്പുറത്തും കാസർകോട്ടും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ റോഡ് ഇടിഞ്ഞുവീണത്. കാലവർഷം തുടങ്ങുന്നതേയുള്ളൂ. ഇത് ആശങ്ക കൂട്ടുന്നു. അശാസ്ത്രീയ നിർമ്മാണമാണ് റോഡിടിയാൻ കാരണമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയ്ക്ക് അനുസൃതമായ നിർമ്മാണ രീതിയല്ല സ്വീകരിച്ചത്. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ നിർമ്മാണം നിറുത്തിവച്ചു.
മണ്ണുറപ്പില്ലാത്ത സ്ഥലങ്ങളിലും വയലുകളിലും നീരൊഴുക്കുള്ള ഇടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. 50 അടി ഉയരമുള്ള ഭാഗങ്ങളുമുണ്ട്. ഇവിടെ ഇരുവശത്തും ഇന്റർലോക്ക് ബ്രിക്കുകൾ അടുക്കി അതിനുനടുവിൽ മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്. മണ്ണ് ഇടിച്ചുറപ്പിച്ചിട്ടുമില്ല.
ഇത്തരം സ്ഥലങ്ങളിൽ ഫ്ലൈഓവറോ തൂണുകൾ നിർമ്മിച്ച് അതിന് മുകളിലോ പാത നിർമ്മിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഇതിന് ചെലവ് കൂടുമെന്നതാണ് കാരണം.
മഴയത്ത് ഉറപ്പില്ലാത്ത മണ്ണ് താണ് പാത അപ്പാടെ ഇടിഞ്ഞുവീഴുകയാണ്. മലപ്പുറം കൂരിയാട് കഴിഞ്ഞദിവസം ദേശീയപാത ഇടിഞ്ഞത് ഇങ്ങനെയാണെന്നാണ് നിഗമനം. ഇന്റർലോക്ക് ബ്രിക്കുകളിലൊന്ന് തകർന്നാലും അപ്പാടെ ഇടിയും.
ഇന്നലെയും രണ്ടിടത്ത് ഇടിഞ്ഞു
മലപ്പുറത്ത് തലപ്പാറയിലും കാസർകോട്ട് കാഞ്ഞങ്ങാട്ടും ദേശീയപാതയിൽ ഇന്നലെയും വിള്ളലും മണ്ണിടിച്ചിലുമുണ്ടായി. കാഞ്ഞങ്ങാട്ട് മാവുങ്കലിനു സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ പലഭാഗത്തും നിർമ്മാണത്തിലിരിക്കെ ഇടിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം വേങ്ങരയിലും കൂരിയാടിലും ഇടിഞ്ഞു. ഇവിടെ വയൽമണ്ണ് നീങ്ങിയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടവഴികൾ
1.റോഡിന്റെ അടിഭാഗം വേണ്ടത്ര ബലപ്പെടുത്തിയില്ലെങ്കിൽ മണ്ണിന്റെ ഈർപ്പം കൂടി തെന്നിമാറും
2.ഇന്റർലോക്ക് ബ്രിക്കുകൾ അടുക്കിയുയർത്തി അതിനുള്ളിൽ നിറയ്ക്കുന്ന മണ്ണ് ബലപ്പെടുത്തിയില്ലെങ്കിൽ ഇടിഞ്ഞുതാഴും
3.ഇന്റർലോക്ക് ബ്രിക്കിൽ പൊട്ടലുണ്ടായാലും അപ്പാടെ ഇടിഞ്ഞുവീഴും
ഭൂമിയുടെ രീതിശാസ്ത്രം
ശ്രദ്ധിക്കണം
ഓരോയിടത്തും ഭൂമിയുടെ രീതിശാസ്ത്രം അനുസരിച്ചാകണം റോഡ് നിർമ്മിക്കാൻ. അത് കൃത്യമായി പാലിക്കപ്പെട്ടില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകും
പാതയുടെ ഇരുഭാഗങ്ങളിലും മണ്ണിടിയാതെയും ഒലിച്ചുപോകാതെയും വേണം നിർമ്മാണം. വലിയ ഭാരം താങ്ങാനാകുന്ന നല്ല ദൃഢതയുള്ള റീട്ടെയിനിംഗ് വാൾ ആവശ്യം
-ജി.ശങ്കർ, ആർക്കിടെക്ട്
ഹൈക്കോടതി
റിപ്പോർട്ട് തേടി
മലപ്പുറം കൂരിയാട്ട് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞതിൽ ഹൈക്കോടതി നാഷണൽ ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് തേടി. റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടികളെടുക്കുമെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |