തിരുവനന്തപുരം: മാനസികമായി പീഡിപ്പിച്ച എല്ലാ പൊലീസുകാർക്കുമെതിരേ നടപടി വേണമെന്ന് മാലമോഷണ കേസിൽ പ്രതിയാകേണ്ടിവന്ന ബിന്ദു പറഞ്ഞു. 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാനാണ് എസ്.ഐയെ സസ്പെൻഡ് ചെയ്ത്. ഇതിൽ തൃപ്തിയില്ല. ഏറ്റവുമധികം പീഡിപ്പിച്ച രണ്ട് പൊലീസുകാർക്കെതിരേയും നടപടി വേണം. കുറ്റക്കാരെ പിരിച്ചുവിടണം. സി.പി.ഒ പ്രസന്നനെ ഒരു സ്റ്റേഷനിലും നിയമിക്കരുത്. കള്ളക്കേസ് കൊടുത്ത വീട്ടുടമ ഓമന ഡാനിയേലിനെതിരേ നിയമപരമായി നീങ്ങും.
എൻ.സി.സി നഗറിലെ ഓമന ഡാനിയേലിന്റെ വീട്ടിൽ മൂന്നുദിവസമേ ജോലിക്ക് നിന്നുള്ളൂ. 18ഗ്രാം മാല മോഷ്ടിച്ചെന്നായിരുന്നു പരാതി. വീടിനു പിന്നിലെ ചവറുകൂനയിൽ നിന്ന് മാല കിട്ടിയെന്നാണ് അവർ പൊലീസിനെ അറിയിച്ചത്. ഓമനയുടെ മകളെ സംശയമുണ്ടെന്നും തന്നെ കള്ളിയാക്കാൻ മാല എടുത്തു മാറ്റിവച്ചതാവാമെന്നും ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. എവിടെ നിന്നാണ് മാല കിട്ടിയതെന്ന് പൊലീസ് തന്നെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു. പേരൂർക്കട സ്റ്റേഷനിൽ നിന്ന് വിട്ടയച്ചശേഷം ഇതുവരെ പൊലീസ് ബന്ധപ്പെട്ടിട്ടില്ല.
പരാതിക്കാരിയുടെ വീട്ടിലെത്തി പരിശോധന നടത്താതെയായിരുന്നു ബിന്ദുവിനെ കസ്റ്റഡിയിലെടുത്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു . മോഷണം നടന്നെന്ന് ഉറപ്പാക്കാതെയായിരുന്നു ബിന്ദു പ്രതിയാണെന്ന് ഉറപ്പിച്ച മട്ടിൽ പേരൂർക്കട പൊലീസ് നടപടികളെടുത്തത് . അസഭ്യം വിളിക്കുകയും രാത്രി തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ഗ്രേഡ് എഎസ്ഐയും വീഴ്ചവരുത്തി.
കാരണം ജാതിവെറി: കുടുംബം
ജാതിവെറി ഉള്ളിലുള്ളതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ തന്റെ ഭാര്യയോട് ഇത്രയും ക്രൂരമായി പെരുമാറിയതെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രദീഷ് പ്രതികരിച്ചു. കൊലപാതകം ചെയ്യുന്നവർക്കു പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുക്കുകയും പാവപ്പെട്ട ഒരു സ്ത്രീയോട് ടോയ്‌ലറ്റിൽ പോയി വെള്ളം കുടിക്കാൻ പറയുകയും ചെയ്യുന്നതിൽ എന്തു നീതിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അമ്മയ്ക്കു നീതി കിട്ടും വരെ പോരാടുമെന്ന് ബിന്ദുവിന്റെ മക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |