തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചത് 4,62,116 അപേക്ഷകൾ. അപേക്ഷിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചു. ഈ വർഷം 4,24,583 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. ഒരേ വിദ്യാർത്ഥി ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കുകയും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ പ്രവേശന നടപടികളുടെ ഭാഗമാകുകയും ചെയ്തതാണ് അപേക്ഷകളുടെ വർദ്ധനയ്ക്ക് കാരണം. പ്ലസ് വൺ പഠനത്തിന് ആകെ 4,74,917 സീറ്റുകൾ ലഭ്യമാണ്.
എസ്.എസ്.എൽ.സി വിജയിച്ച 4,29,603 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. സി.ബി.എസ്.ഇയിൽ നിന്ന് 23,075 പേരും ഐ.സി.എസ്.ഇയിൽ നിന്ന് 2304 പേരും ഇതര ബോർഡിൽ നിന്ന് 7134പേരുമാണ് അപേക്ഷിച്ചത്. ഇന്നലെ വൈകിട്ട് 5.45 വരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ വ്യത്യാസം വന്നേക്കാം.
മലപ്പുറത്താണ് ഏറ്റവുമധികം അപേക്ഷകരുള്ളത്. 82271 പേർ. കുറവ് വയനാട്ടിലാണ് 12133പേർ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള (എംആർഎസ്) പ്രവേശനത്തിന് 1850അപേക്ഷകൾ ലഭിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 46,565 ആണ് അപേക്ഷകൾ. 24ന് ട്രയൽ അലോട്ട്മെന്റും ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
പ്ളസ് ടു ഫലം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ. വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും SAPHALAM 2025, iExaMS - Kerala, PRD Live മൊബൈൽ ആപ്ളിക്കേഷനുകളിലും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |