'അവൾ ഒറ്റയ്ക്കാണ്, ദരിദ്രയാണ്, നിസഹായയാണ്. അവൾക്ക് തൊഴിൽരഹിതനായ ഒരു സഹോദരൻ മാത്രമാണുള്ളത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസമാകുന്നു'- ഇങ്ങനെയാണ് ഏജന്റുമാർ യുവാക്കൾക്കിടയിൽ അനുരാധയെ പരിചയപ്പെടുത്തുക. പ്രണയനൈരാശ്യം സംഭവിച്ചവരും വിവാഹം നടക്കാൻ കാലതാമസം നേരിടുന്നവരുമാണ് കൂടുതലും ഈ വലയിൽ വീഴുക. വിവാഹം കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവിന്റെ പണവും വിലയേറിയ വസ്തുക്കളുമായി അനുരാധ മുങ്ങും. ഒന്നും രണ്ടുമല്ല, ഏഴ് മാസത്തിനിടെ 25 തവണയാണ് 23കാരിയായ അനുരാധ പാസ്വൻ വിവാഹിതയായത്.
സവായി മധോപൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭോപ്പാലിൽ വച്ച് അനുരാധ പിടിയിലായി. ഇതോടെ പുറത്തുവന്നത് വൻ വിവാഹത്തട്ടിപ്പ്. ഒരു സംഘം തന്നെയുണ്ട് ഇതിനുപിന്നിൽ.
മര്യാദയും സ്നേഹമുള്ളവളുമായി യുവാക്കളുടെ മുമ്പിലെത്തുന്നതുമുതൽ വിവാഹം വരെയെത്തും കാര്യങ്ങൾ. നിയമപരമായ രേഖകൾ ഉൾപ്പെടെ തയാറാക്കും. വിവാഹം കഴിഞ്ഞ് ഏതാനും ദിവസം ഭർത്താവിനൊപ്പം താമസിച്ച ശേഷം രാത്രിയിൽ സ്വർണവും പണവും ഇലക്ട്രോണിക്സ് സാധനങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയും.
യോജിച്ച ഒരു വധുവിനെ കണ്ടെത്താനായി രണ്ട് ഏജന്റുമാർക്ക് രണ്ടു ലക്ഷം രൂപ നൽകിയെന്നും അനുരാധയെന്ന യുവതിയെ പരിചയപ്പെടുത്തിയെന്നുമായിരുന്നു സവായി മധോപൂർ സ്വദേശിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. ഏപ്രിൽ 20നായിരുന്നു വിവാഹം. ദിവസങ്ങൾക്കുള്ളിൽ പണവും മറ്റ് വസ്തുക്കളുമായി ഭാര്യ കടന്നുകളഞ്ഞെന്നും പരാതിയിൽ പറയുന്നു.
ഉത്തർ പ്രദേശിലെ മഹാരാജ് ഗഞ്ചിലുള്ള ഒരാശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അനുരാധ. തർക്കങ്ങളെത്തുടർന്ന് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. തുടർന്ന് ഭോപ്പാലിലെത്തി. ചെന്നെത്തിയത് വിവാഹത്തട്ടിപ്പുസംഘത്തിൽ.
കോൺസ്റ്റബിൾ
വരനായി
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അനുരാധയെ കുടുക്കാൻ തീരുമാനിച്ചു. ഒരു കോൺസ്റ്റബിൾ വരനായി അഭിനയിച്ചു. ഏജന്റ് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചു. തുടർന്ന് അനുരാധയിലേക്ക്.
അന്വേഷണത്തിൽ തട്ടിപ്പുസംഘത്തിലെ ഏഴ് പേർ പിടിയിൽ. യുവാക്കൾക്ക് വാട്സ് ആപ്പിലൂടെ യുവതികളുടെ ഫോട്ടോ അയച്ചുകൊടുക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. വിവാഹ നടത്തിപ്പിനായി പണം ആവശ്യപ്പെടും. രണ്ടു മുതൽ അഞ്ചുലക്ഷം രൂപവരെയാണ് സംഘം ആവശ്യപ്പെടുന്നത്. വിവാഹം കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം വധു കടന്നുകളയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |