ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. ജയന്ത് വിഷ്ണു നാർലിക്കറിന് (87)രാജ്യം ആദരവോടെ വിട നൽകി. പൂനെ വൈകുണ്ഠ് വൈദ്യുത ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. അദ്ദേഹം സ്ഥാപിച്ച ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സിലെ (അയൂക്ക) വിദ്യാർത്ഥികളും അക്കാഡമിക് വിദഗ്ദ്ധരും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും പുഷ്പാർച്ചന നടത്തി.
ശാസ്‌ത്രത്തെ സാധാരണക്കാരിലേക്കെത്തിച്ച അപൂർവ പ്രതിഭയാണ് ജയന്ത് നാർലിക്കർ. 1960-കളിൽ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ സർ ഫ്രെഡ് ഹോയലിനൊപ്പം വികസിപ്പിച്ച ഹോയ്ൽ-നാർലിക്കർ സിദ്ധാന്തം മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് ബദലായി അറിയപ്പെട്ടു. ദ്രവ്യം തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന സ്ഥിരമായ പ്രപഞ്ചത്തെയാണ് സിദ്ധാന്തം വിശദീകരിക്കുന്നത്. ഇന്ത്യയിൽ ശാസ്ത്രവിദ്യാഭ്യാസത്തിന് പ്രചാരം നൽകാൻ മുൻകൈയെടുത്ത പ്രതിഭയെ 1965ൽ 26-ാം വയസിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 2004ൽ പദ്മവിഭൂഷണും ലഭിച്ചു.
പൂനെയിൽ അദ്ദേഹം സ്ഥാപിച്ച ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (അയൂക്ക) ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്ന പ്രമുഖ സ്ഥാപനമാണ്. ദി ലൈറ്റർ സൈഡ് ഓഫ് ഗ്രാവിറ്റി, സെവൻ വണ്ടേഴ്‌സ് ഓഫ് ദി കോസ്‌മോസ് തുടങ്ങിയ കൃതികളുടെ രചയിതാവാണ്. സങ്കീർണമായ ശാസ്ത്രീയ ആശയങ്ങൾ ലളിതമായി വിശദീകരിച്ചതിലൂടെ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകർഷിക്കാൻ ഈ പുസ്തകങ്ങൾക്ക് കഴിഞ്ഞു. 1938 ജൂലായ് 19ന് മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് ജനനം. ഭാര്യ: പരേതയായ ഗണിത ശാസ്ത്രജ്ഞ മംഗളാ രാജ്വാദെ, മക്കൾ: ഗീത, ഗിരിജ, ലീലാവതി. മൂവരും വിവിധ ശാസ്ത്രശാഖകളിൽ ശ്രദ്ധേയരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |