ചെന്നൈ : അടുത്ത ഞായറാഴ്ച ഈ സീസണിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ നേരിടാൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുമ്പോൾ ആരാധകരുടെ ചങ്കിടിപ്പേറുക മത്സരഫലത്തെക്കുറിച്ചോർത്താവില്ല. ഈ മത്സരം കഴിഞ്ഞാച ധോണി ഐ.പി.എല്ലിൽ നിന്ന് കൂടി വിരമിക്കുമോ എന്ന് ചിന്തിച്ചാകും. 43കാരനായ ധോണി ഈ സീസണോടെ ഐ.പി.എൽ മതിയാക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ സീസൺമുതലേ പരക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ റുതുരാജിനെ ക്യാപ്ടൻസി ഏൽപ്പിച്ച ധോണിക്ക് ഈ സീസണിൽ റുതുരാജിന് പരിക്കേറ്റതിനാൽ വീണ്ടും ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. ക്യാപ്ടനായും വിക്കറ്റ് കീപ്പറായും ധോണി ആ പഴയ ധോണിതന്നെയാണെങ്കിലും ബാറ്റർ എന്ന നിലയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഫിനിഷർ റോളിൽ പണ്ട് പുലിയായിരുന്ന ധോണി ഇപ്പോൾ ആ നിഴലുമാത്രമാണ്. പലമത്സരങ്ങളിലും ധോണിയുടെ ബാറ്റിംഗും സ്ട്രൈക്ക് റേറ്റും വലിയ വിമർശനത്തിനിരയായി. കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിലും അവസാന ഓവറുകളിൽ റണ്ണെടുക്കാൻ ധോണി ബുദ്ധിമുട്ടിയിരുന്നു. 17 പന്തുകളിൽ 16 റൺസാണ് ധോണിക്ക് നേടാനായത്. ഒരു സിക്സടിച്ചെങ്കിലും ടീം ടോട്ടൽ 200 കടത്താനുള്ള അവസരം ധോണി പാഴാക്കിയെന്നാണ് വിമർശനം.
വരുന്ന ജൂലൈയിൽ ധോണിക്ക് 44 വയസ് തികയും. ചെന്നൈ സൂപ്പർ കിംഗ്സ് തുടർച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ചില അതിവേഗ സ്റ്റമ്പിംഗുകളും കഴിഞ്ഞ മാസം ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരേ 26 റൺസ് നേടി പ്ളേയർ ഒഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട പ്രകടനം ഒഴിച്ചുനിർത്തിയാൽ ഈ സീസണിൽ ധോണിക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. 13 മത്സരങ്ങളിൽ 196 റൺസാണ് നേടിയത്.30 റൺസാണ് ഉയർന്ന സ്കോർ.
ടീം ഏറ്റവും മോശമായ രീതിയിൽ നിൽക്കുന്ന സമയത്ത് മാറിക്കൊടുക്കാൻ ധോണി തയ്യാറാകുമോ, അതോ അടുത്ത സീസണിൽ ടീമിനെ മികവിലേക്ക് തിരിച്ചെത്തിച്ച ശേഷം പടിയിറങ്ങാൻ കാത്തിരിക്കുമോ എന്നാണ് അറിയേണ്ടത്. ഏതായാലും ചെന്നൈ സൂപ്പർ കിംഗ്സും ധോണിയും ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.
277 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ധോണി. ഇതിൽ 257 മത്സരങ്ങളും ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. ചെന്നൈയിനെ വിലക്കിയിരുന്ന 2016,17 സീസണുകളിൽ മാത്രമാണ് മറ്റൊരു ടീമിനായി (റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് ) കളിച്ചത്.
235 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്.
5 തുടർച്ചയായ അഞ്ചാം മത്സത്തിലാണ് ധോണിയുടെ ചെന്നൈയെ സഞ്ജുവിന്റെ രാജസ്ഥാൻ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |