ജവാന് വീരമൃത്യു
റായ്പുർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. അന്വേഷണ ഏജൻസികൾ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്ര് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിലെ (ഡി.ആർ.ജി) ജവാൻ വീരമൃത്യു വരിച്ചു. നാരായൺപുർ ജില്ലയിലെ അബുജ്‌മദ് വനമേഖലയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ മുതിർന്ന മാവോയിസ്റ്ര് നേതാക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡി.ആർ.ജി സംഘം വനമേഖലയിലെത്തിയത്. മാവോയിസ്റ്രുകൾ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു. നാരായൺപുർ, ബിജാപുർ, ദന്തേവാഡ ജില്ലകളിൽനിന്നുള്ള ഡി.ആർ.ജി സംഘമാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭിനന്ദിച്ചു. ഛത്തീസ്ഗഢ്- തെലങ്കാന അതിർത്തിയിൽ കഴിഞ്ഞമാസം 'ബ്ളാക്ക് ഫോറസ്റ്റ്' എന്ന പേരിൽ മാവോയിസ്റ്ര് വിരുദ്ധ ഓപ്പറേഷൻ നടന്നതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ.
നിരവധി ആക്രമണങ്ങളുടെ
സൂത്രധാരൻ
2010ൽ 75 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ കൊലപാതകം, 2013ൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ഝീരം ഘാട്ടി കൂട്ടക്കൊല എന്നിവയുൾപ്പെടെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനാണ് ബസവരാജ്. നിരോധിത സംഘടനയായ സി.പി.ഐയുടെ (മാവോയിസ്റ്റ്) ജനറർ സെക്രട്ടറി. 1970 മുതൽ മാവോയിസ്റ്ര് പ്രവർത്തനങ്ങളിൽ സജീവം. വർഷങ്ങളായി വിവിധ ഏജൻസികൾ ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
മാവോയിസ്റ്ര് പ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള പോരാട്ടത്തിലെ നാഴികക്കല്ല്. ധീരരായ സുരക്ഷാ സേനകളെയും ഏജൻസികളെയും അഭിനന്ദിക്കുന്നു.
- അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി
മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും ജനങ്ങൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ ജീവിതം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്
-പ്രധാനമന്ത്രി
നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |