ന്യൂഡൽഹി: വ്യാജ രേഖ ചമച്ച് സിവിൽ സർവീസ് പരീക്ഷ ജയിച്ചെന്ന കേസിൽ തടവിലുള്ള ഐ.എ.എസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പൂജയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൂജയ്ക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടപ്പോൾ അവർ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കൊലപാതകം ചെയ്തിട്ടില്ല. അവർക്ക് എല്ലാം നഷ്ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ പശ്ചാത്തലം വച്ച് പൂജയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ വ്യാജ ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും അംഗപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റും സമർപ്പിച്ചതാണ് പൂജ ഖേദ്കർക്കെതിരെയുള്ള കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |