തിരുവനന്തപുരം: പേരൂർക്കട സ്റ്റേഷനിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവത്തിൽ ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ദക്ഷിണ മേഖല ഐജിക്ക് ശുപാർശ നൽകിയത്. മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശ ഉൾപ്പടെ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല.
അതേസമയം, മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ വച്ച ബിന്ദുവിന് സ്റ്റേഷനിൽ വെള്ളം നൽകിയില്ലെന്ന ആരോപണം ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വെള്ളം ചോദിക്കുന്നതും എടുത്തുകുടിക്കുന്നതും സിസിടിവിയിലുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബിന്ദു വീട്ടുജോലി ചെയ്ത സ്ഥലത്തെ സ്വർണം മോഷണം പോയത് വീണ്ടും അന്വേഷണം നടത്താനും നിർദേശമുണ്ട്. ബിന്ദുവിന്റെ പരാതിയിലാണ് അന്വേഷണം. ഡിജിപിക്ക് നൽകിയ പരാതി കന്റോൺമെന്റ് എസിപിക്ക് കെെമാറി. കൂടുതലായി വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
സംഭവത്തിൽ ഇന്നലെ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തിരുന്നു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നൻ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ബിന്ദുവിനെ ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നൻ ആണെന്ന് കന്റോൺമെന്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാൻ അധികാരം ഇല്ലായിരുന്നു.
അന്ന് ജിഡി ചാർജ് മാത്രമാണ് പ്രസന്നന് ഉണ്ടായിരുന്നത്. ഭർത്താവിനെയും മക്കളെയും പ്രതികൾ ആക്കുമെന്ന് പ്രസന്നൻ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വെെകിട്ട് ആറിന് ശേഷവും രാവിലെ ആറിന് മുൻപും സ്ത്രീകളെ കസ്റ്റഡിയിൽ വയ്ക്കാൻ പാടില്ല. ഇക്കാര്യത്തിൽ എസ്ഐ എസ് ജി പ്രസാദ് ഗുരുതര നിയമലംഘനം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. പ്രസാദിനെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |