ഇറ്റാനഗർ: സിബിഎസ്ഇ നടത്തിയ പരീക്ഷയിൽ തട്ടിപ്പുനടത്താൻ ശ്രമിച്ച വൻ സംഘത്തെ അരുണാചൽ പൊലീസ് അറസ്റ്റുചെയ്തു. നവോദയ വിദ്യാലയ സമിയിയിലെ അനദ്ധ്യാപക തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ തട്ടിപ്പുനടത്താൻ ശ്രമിച്ച ഹരിയാന സ്വദേശികളായ അമ്പതിലധികം ഉദ്യോഗാർത്ഥികളാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ മേയ് പതിനെട്ടിനായിരുന്നു പരീക്ഷ. ജൂനിയർ അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ് എന്നിവ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്. ഉച്ചതിരിഞ്ഞുനടത്തിയ ലാബ് അറ്റൻഡന്റ് പരീക്ഷയ്ക്കിടെ ഒരു ഉദ്യോഗാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പുസംഘത്തെ പിടികൂടിയത്.
അടിവസ്ത്രത്തിനുളളിൽ ഒളിപ്പിക്കാൻ കഴിയുന്ന ജിഎംഎം (ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ) പ്രവർത്തനക്ഷമമാക്കിയ വളരെ ചെറിയൊരു ഉപകരണവും ഒറ്റയടിക്ക് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത തരത്തിലുള്ള തീരെ ചെറിയ ഇയർ പീസും ഉപയോഗിച്ച് 2600 കിലോമീറ്റർ അകലെ ഹരിയാനയിലെ കേന്ദ്രത്തിലിരുന്ന് പറഞ്ഞുകൊടുക്കുന്ന ഉത്തരം കേട്ടെഴുതുകയായിരുന്നു ഇവർ. ഇവരെ ചോദ്യംചെയ്തപ്പോൾ രാവിലെ നടത്തിയ പരീക്ഷയിലും തട്ടിപ്പുനടന്നതായി വ്യക്തമായി. ഇവർ നൽകിയ വിവരമനുസരിച്ച് സമീപത്തെ ഹോട്ടലുകളിൽ നിന്നും ലാേഡ്ജുകളിൽ നിന്നുമാണ് ശേഷിക്കുന്നവരെ അറസ്റ്റുചെയ്തത്.
തട്ടിപ്പുനടത്തിയവർ പിടിയിലായെങ്കിലും ഇതിന് ഒത്താശചെയ്തവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതുപരീക്ഷയിലും ജയിക്കാമെന്നും സർക്കാർ സർവീസിൽ വൻ ശമ്പളത്തിൽ ജോലി നേടാൻ കഴിയുമെന്നും വാഗ്ദാനം ചെയ്ത് തങ്ങളെ ചിലർ സമീപിച്ചതെന്നാണ് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയത്. പണം നൽകിയവർക്ക് ജിഎംഎം അധിഷ്ഠിത ഉപകരങ്ങൾ പ്രവർത്തിപ്പിക്കാനും അതുപയോഗിച്ച് ഉത്തരങ്ങൾ കേട്ടെഴുതാനും പരിശീലനം നൽകി. ഉദ്യോഗാർത്ഥികളുടെ ചോദ്യപേപ്പറിന്റെ കോഡ് ഏതാണെന്ന് ചോദിച്ച് മനസിലാക്കിയശേഷം ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു. ഉത്തരങ്ങൾ പറഞ്ഞുകൊടുത്തവർക്ക് ചോദ്യപ്പേപ്പർ നേരത്തേ കിട്ടിയെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആ നിലയ്ക്കും അന്വേഷണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |