തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ രണ്ട് സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ. മുരളീധരൻ. മനുഷ്യന് സുരക്ഷിതമായി യാത്രചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. പാത തകർന്നപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ ആരുമില്ലെന്ന അവസ്ഥയായി. സ്മാർട്ട് സിറ്റി റോഡിന്റെ ഉദ്ഘാടനം അമ്മായിഅപ്പനും മരുമകനും കൂടി നടത്താൻ നോക്കി. കാശ് ചെലവഴിച്ച മന്ത്രിയുടെ വകുപ്പിന് സ്ഥാനമില്ല. തദ്ദേശ വകുപ്പാണ് ഫണ്ട് റൈസ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് നിർമ്മാണം നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഡി.പി.ആർ മാറ്റിമറിച്ചെന്ന്
സുരേഷ് ഗോപി
ചിറയിൻകീഴ്: ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രീണനത്തിന്റെ ഭാഗമായി പലയിടങ്ങളിലും പദ്ധതി രേഖകളിൽ മാറ്റമുണ്ടായി. ഈ മാറ്റം ആർക്കുവേണ്ടിയാണെന്ന കാര്യത്തിൽ അന്വേഷണം വേണം. കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാവില്ല. മൂന്ന് ഡി.പി.ആറുകൾ ഉണ്ടായിരുന്നു. അതിൽ മൂന്നാമത്തെ ഡി.പി.ആർ ആണ് നടപ്പാക്കപ്പെട്ടത്. അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയൽക്കിളികൾ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടതെന്ന് അന്വേഷിക്കണം.
വീഴ്ചകൾക്കെതിരെ നടപടി ഉണ്ടാകണം: വി.മുരളീധരൻ
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ബി.ജെ.പി ഇക്കാര്യം ആവശ്യപ്പെടും.മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് മുതൽ എം.എൽ.എമാർ വരെയുള്ളവർക്ക് പരാതിയുണ്ടായിരുന്നു.അത് അധികൃതർ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ എന്നും വി. മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |