കൊച്ചി: പൊറോട്ടയ്‌ക്കും ബീഫ് ഫ്രൈയിനും ഒപ്പം സൗജന്യമായി ഗ്രേവി കിട്ടിയാൽ ഹോട്ടലുടമയ്‌ക്ക് നന്ദി പറയാം. കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട. ഗ്രേവി ഉപഭോക്താവിന്റെ അവകാശമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.
പൊറോട്ടയ്ക്കൊപ്പം ഗ്രേവി കിട്ടിയില്ലെന്ന പരാതി നിലനിൽക്കില്ലെന്ന്, കോലഞ്ചേരിയിലെ 'ദി പേർഷ്യൻ ടേബിൾ" റെസ്റ്റോറന്റിനെതിരെ എറണാകുളം സ്വദേശി എസ്. ഷിബു നൽകിയ പരാതി തള്ളിയാണ് ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവ്.
ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ് തുടങ്ങിയ കാര്യങ്ങളിൽ പരാതിയില്ലെന്നും സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുകയോ പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
2024 നവംബറിലായിരുന്നു സംഭവം. പരാതിക്കാരൻ കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസറെ സമീപിച്ചെങ്കിലും പരാതി തള്ളി. തുടർന്നാണ് കോടതിയെ സമീപിച്ചത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |