അടൂർ: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യയെ വീട്ടിൽ തടഞ്ഞുവച്ച് ദേഹോപദ്രവം ഏൽപ്പിച്ച ഭർത്താവിനെ ഗാർഹികപീഡന നിരോധന നിയമ പ്രകാരം അറസ്റ്റുചെയ്തു. കുളക്കട മാവടി പൂവറ്റൂർ കിരിക്കൽ പടിഞ്ഞാറേപുരം വീട്ടിൽ സുഭാഷ് (49) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഏനാത്ത് ഇളങ്കമംഗലം ചാലുവിള കൃഷ്ണാലയം വീട്ടിൽ അംബികയ്ക്കാണ് മർദ്ദനമേറ്റത്. 20ന് രാത്രി 7.30ന് അംബികയെ അസഭ്യം വിളിക്കുകയും അമ്മയെയും സഹോദരങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് നടത്തിയ മർദ്ദനത്തിൽ ഇവരുടെ ചുണ്ടിനും നാവിനും മുറിവേറ്റു. ചുരിദാറിന്റെ ഷാളുകൊണ്ട് കഴുത്ത് മുറുക്കി അംബികയെ ശ്വാസം മുട്ടിച്ചു. പരിക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അടൂർ ജനറൽ ആശുപത്രിയിൽ ഓഫീസ് അറ്റൻഡറുടെ ജോലി നോക്കുന്ന അംബിക 2021 ഫെബ്രുവരി 12 മുതൽ സുഭാഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. 2024 ജൂലായ് 20ന് വിവാഹം രജിസ്റ്റർ ചെയ്ത ശേഷം കുടുംബപരമായി ലഭിച്ച വസ്തുവിൽ വീടുവച്ച് ഒരുമിച്ച് താമസിക്കുകയാണ്. സുഭാഷ് നിരന്തരം മദ്യപിച്ചു വന്ന് ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് ഇവർ പറഞ്ഞു. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നപ്പോൾ അംബിക അടൂർ ജെ.എഫ്.എം കോടതിയിൽ ഹർജി നൽകി. തുടർന്ന് ഭർത്താവിൽ നിന്ന് സംരക്ഷണ ഉത്തരവ് ഗാർഹിക പീഡനനിരോധന നിയമം വകുപ്പ് 23(2) പ്രകാരം കോടതി പുറപ്പെടുവിച്ചു.
ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കേയാണ് വീട്ടിൽ അതിക്രമിച്ചു കടന്ന് ഇയാൾ മർദ്ദിച്ചത്. ദേഹോപദ്രവം ഏറ്റിട്ടും ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയില്ല. ഇന്നലെ രാവിലെ ഇയാൾ വീടിനു മുന്നിലെ കതകും, കിടപ്പുമുറിയുടെ കതകും ഇളക്കിമാറ്റി നശിപ്പിക്കാൻ ശ്രമിച്ചു. പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |