കൊച്ചി: ഇ.ഡിയുടെ മുന്നിലുള്ള കേസുകൾ ഒതുക്കിതീർക്കാൻ ഇടനിലക്കാർ ഒരു കോടി മുതൽ മൂന്നുകോടി രൂപവരെ വാങ്ങിയിട്ടുണ്ടെന്ന വിവിരം വിജിലൻസിന് ലഭിച്ചു. ഇതു നൽകിയവരെ തിരിച്ചറിഞ്ഞെങ്കിലും പരാതി നൽകാൻ തയ്യാറായിട്ടില്ല. തുറന്നു പറയാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇ.ഡി.ഒതുക്കിയ മറ്റു കേസുകളും കണ്ടെത്തി കോഴ ഇടപാട് പുറത്തുകൊണ്ടുവരാനാണ് വിജിലൻസ് നീക്കം.
സ്വമേധയാ പരാതി നൽകിയ കശുഅണ്ടി വ്യവസായി അനീഷ് ബാബു ഇടനിലക്കാരനുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന് കൈമാറിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് മറ്റു കേസുകളിലേക്ക് നീങ്ങുന്നത്. ഫോൺ സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. അനീഷ് ബാബുവിനോട് രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒന്നാംപ്രതിയായ ഇ.ഡി അസി.ഡയറക്ടർ ശേഖർകുമാറിനെ കുരുക്കാനുള്ള തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടില്ല. രണ്ടുകോടി കൈക്കൂലിയായി അനീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ടോക്കൺ തുകയായി 30 ലക്ഷം തയ്യാറാക്കി വയ്ക്കാൻ വിൽസൺ പറയുന്നതാണ് സംഭാഷണത്തിലുള്ളത്.
#ഏതാണ് ആ വലിയ കേസ് ?
'' ഒരു വലിയ കേസുകൂടി വന്നിട്ടുണ്ട്. അത് അവസാനം എന്റെ അടുത്തുതന്നെ എത്തും'' ഫോൺ സംഭാഷണത്തിൽ വിൽസൺ പറയുന്ന ഈ വലിയ കേസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിജിലൻസ്.
കഴിഞ്ഞ ഒരു വർഷം ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാൽ ഇക്കാര്യങ്ങളടക്കം പരിശോധിക്കാനാകാം.
``പിണറായിയുടെ മോളെ വരെ
മുട്ടുകുത്തിക്കുന്ന ടീമാണ്``
(ഇടനിലക്കാരൻ വിൽസണും പരാതി നൽകിയ വ്യവസായി
അനീഷ് ബാബുവും നടത്തിയ ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗം)
വിൽസൺ: അവർക്ക് നേട്ടം ഉണ്ടായാൽ ഒരു പ്രശ്‌നവുമില്ല. 30 ലക്ഷം ടോക്കൺ റെഡിയാക്കൂ
അനീഷ്: എത്ര രൂപയാണെങ്കിൽ എല്ലാം ഓക്കെയാണ് ?
വിൽസൺ: പ്രോപ്പർട്ടി അറ്റാച്ച്‌മെന്റ് ചെയ്താൽ എല്ലാം തീരും.
അനീഷ്: പ്രശ്‌നമുണ്ടാക്കില്ലെന്ന് എന്താണ് ഉറപ്പ്
വിൽസൺ: വിളിച്ചുപറയാം നിങ്ങൾ ഓക്കെയാണെന്ന്
അനീഷ്: നിങ്ങൾക്ക് ഇത് സെറ്റിൽ ചെയ്യണമോയെന്ന് ഡയറക്ടർ ചോദിച്ചു
വിൽസൺ: ഡയറക്ടർക്ക് മലയാളം അറിയില്ല. സെറ്റിൽ ചെയ്താൽ ഞാനായിരിക്കും വിളിക്കുക. മറിച്ച് പറഞ്ഞാൽ അവർ നിങ്ങളെ പൂട്ടിക്കളയും. പിണറായി വിജയന്റെ മോളെ വരെ മുട്ടുകുത്തിക്കുന്ന ടീമാണ്. തിരുവനന്തപുരം സ്വദേശിക്ക് നേരത്തെ പണി കിട്ടിയതാണ്. കോടതിയിൽപ്പോയി ചൊറിയാൻനിന്നു. അവനെ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യാൻ പോവുകയാണ്. ഫൈറ്റ് ചെയ്യണമെങ്കിൽ ചെയ്യാം
അനീഷ് : നമുക്ക് അങ്ങനെ ഒരു അടിവേണ്ട
വിൽസൺ: പണം ഡിപ്പാർട്ട്‌മെന്റിലേക്കാണ് പോകുന്നത്. ഈ അടുത്തകാലത്ത് ഒരെണ്ണം സെറ്റിൽചെയ്ത് കൊടുത്തു. ഒരു വലിയ കേസുകൂടി വന്നിട്ടുണ്ട്. അത് അവസാനം എന്റെ അടുത്തുതന്നെ എത്തും
`` കോഴ വാങ്ങുന്ന ഇടനിലക്കാർക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ല. ചോദ്യംചെയ്യാൻ ഒരാഴ്ച സമയമുണ്ട്. ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട ഫയലിനായി ഇ.ഡിക്ക് നോട്ടീസ് നൽകി. കിട്ടുമെന്നാണ് പ്രതീക്ഷ.''
എസ്. ശശിധരൻ.
വിജിലൻസ് എസ്.പി
ഇ.ഡി അസി. ഡയറക്ടറുടെ
മുൻകൂർ ജാമ്യഹർജി
ഹൈക്കോടതിയിൽ
കൊച്ചി: കേസ് ഒതുക്കാൻ ഇടനിലക്കാരൻ മുഖേന രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചുള്ള വിജിലൻസ് കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. നിരപരാധിയാണെന്നും ഗൂഢോദ്ദേശ്യത്തോടെ കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചാണ് ഹർജി. പരാതിക്കാരനായ കശുഅണ്ടി വ്യവസായി അനീഷ്ബാബു ഇ.ഡി കേസിൽനിന്ന് രക്ഷപ്പെടാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.
വിദേശത്തുനിന്ന് കുറഞ്ഞവിലയ്ക്ക് കശുഅണ്ടി ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞ് പല വ്യാപാരികളിൽനിന്നായി കോടികൾ തട്ടിയെന്ന കേസിൽ 2021 മുതൽ ഇ.ഡിയുടെ സമൻസ് നേരിടുന്ന ആളാണ് അനീഷ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചു കേസുകളുണ്ട്. 2021ൽ ഇ.ഡി കേസെടുത്തശേഷം നടപടികളിൽനിന്ന് വഴുതിമാറാനുള്ള ശ്രമമാണ് നടത്തുന്നത്. പരാതിക്കാരനുമായോ കേസിലെ രണ്ടാംപ്രതി വിൻസണുമായോ ഒരു തരത്തിലും ബന്ധമില്ല. അക്കൗണ്ട് ഇടപാടുകളോ മറ്റു തെളിവുകളോ ഇല്ലെന്നും സീനിയർ അഭിഭാഷകൻ പി. വിജയഭാനു മുഖേന സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ പറയുന്നു. അടുത്തദിവസം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |