കോട്ടയം: സ്വന്തമായി വികസിപ്പിച്ച ക്യു.ആർ അധിഷ്ഠിത മൂല്യനിർണയ സംവിധാനം വിജയകരമായി നടപ്പാക്കി മഹാത്മാ ഗാന്ധി സർവകലാശാല. നാലു വർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിച്ചു. സർവകലാശാലയുടെ എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം പൂർണ്ണമായും പുതിയ സംവിധാനത്തിലേക്ക് മാറ്റുമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ തിയറി പരീക്ഷകൾ 14നും പ്രാക്ടിക്കൽ പരീക്ഷകൾ 16നുമാണ് അവസാനിച്ചത്. ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഒൻപത് മേഖലാ മൂല്യനിർണയ ക്യാമ്പുകളിലായി 22ന് പൂർത്തിയാക്കിയാണ് ഇന്നലെ ഫലപ്രഖ്യാപനം നടത്തിയത്. സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ്, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് മേധാവി ഡോ. വി.ആർ. ബിന്ദു, ഐ. ടി ഡയറക്ടർ പി. പ്രദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യം
സംസ്ഥാനത്ത് ആദ്യമാണ് ഈ രിതിയൽ ഫലപ്രഖ്യാപനം നടത്തുന്നത്. ഒന്നാം സെമസ്റ്ററിൽ മാർക്ക് അടിസ്ഥാനമാക്കിയുള്ള ഫലപ്രഖ്യാപനവും ഔട്ട്കം ബേസ്ഡ് ഫലപ്രഖ്യാപനവും രണ്ടു ഘട്ടങ്ങളായാണ് സർവകലാശാല നടത്തിയത്. രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാന്റെ(റൂസ) സാമ്പത്തിക പിന്തുണയോടെ സർവകലാശാലയിലെ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രോജക്ട് ടീം ആണ് മൂല്യനിർണയത്തിന് പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കിയത്. എംജിയുയുജിപി എന്ന് അറിയപ്പെടുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകൾക്കൊപ്പം എംജിയുബിസിഎ, എംജിയുബിബിഎ പ്രോഗ്രാമുകളുടെ ഫലവും പുതിയ ക്യുആർ അധിഷ്ഠിത സംവിധാനത്തിലാണ് തയ്യാറാക്കിയത്. ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
'' അദ്ധ്യാപകർ സർവകലാശാലയുടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് വിദ്യാർഥികളുടെ പരീക്ഷാ സംബന്ധമായ വിവരങ്ങൾ എൻക്രിപ്ട് ചെയ്ത ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് മാർക്കുകൾ നേരിട്ട് രേഖപ്പെടുത്തും. പുനർ മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്യും. തുടർന്ന് മൂല്യനിർണയ വിവരങ്ങൾ സർവകലാശാലയുടെ പോർട്ടലിലേക്ക് സമർപ്പിക്കും'' ഡോ.സി.ടി.അരവിന്ദ കുമാർ, വൈസ് ചാൻസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |