പാലക്കാട്: റാപ്പർ വേടനെതിരെ പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) പരാതി നൽകിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിലാണ് അതൃപ്തി. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നൽകിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗൺസിലറോട് ഉന്നയിച്ച ചോദ്യം. ഇനി മുതൽ വേടൻ പ്രശ്നത്തിൽ പരസ്യപ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. ' വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന വേടന്റെ ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടിയായിരുന്നു എൻഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്.
'ഒരു കലാകാരൻ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തിയാണ്. അയാൾ ഒരു വലിയ ജനസമൂഹത്തിന് മുന്നിലാണ് ഇത് പാടിയിരിക്കുന്നത്. അതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം. അയാൾ അടിമത്ത വ്യവസ്ഥിതിയെക്കുറിച്ച് പറയുന്നുണ്ടല്ലോ, ഇപ്പോൾ ഭാരതത്തിൽ എവിടെയാണ് അടിമത്ത വ്യവസ്ഥ നിലനിൽക്കുന്നത്? പഴയകാല കാര്യങ്ങൾ ആരോപിച്ചുകൊണ്ട് പുതിയ കാലഘട്ടത്തിലേയ്ക്ക് സംശയത്തിന്റെ വിത്ത് പാകുകയാണ് വേടൻ ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടാണ് ജാതീയസങ്കൽപ്പങ്ങൾ പുതിയ രൂപത്തിൽ ആൾക്കാരിലേയ്ക്ക് കുത്തിവയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എൻഐഎയുടെ ചുമതലയാണ്. വേടനെതിരെ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം. ഞാനൊരു ഇന്ത്യൻ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. കേരളത്തിൽ ഇത് പറഞ്ഞിട്ട് എന്തുകൊണ്ടാണ് പരാതിപ്പെടാൻ ഇത്ര വൈകിയതെന്ന് അറിയില്ല. ഇത് എന്റെ കണ്ണിൽപ്പെട്ടയുടനെ എൻഐഎയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി കൊടുത്തിട്ടുണ്ട്. നാലുവർഷം മുൻപ് ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് പാട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടത്. അത് കണ്ടയുടനെ പ്രതികരിച്ചു. എങ്ങനെയാണോ പ്രതികരിക്കേണ്ടത്, ആ രീതിയിൽ തന്നെ പ്രതികരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്'- കൗൺസിലർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |